Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ചട്ടം മറികടന്ന് ഇരട്ടിയിലധികം വാഹനങ്ങൾ

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ചട്ടം മറികടന്ന് ഇരട്ടിയിലധികം വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും. റോഡുകൾ പൂട്ടിയിട്ടും ജനങ്ങളെ തെരുവിൽ ബന്ധിയാക്കിയുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ യാത്രയക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.  
വി.ഐ.പികളുടെ സുരക്ഷ സംബന്ധിച്ച് മാനദണ്ഡം തയാറാക്കുന്നത് ബ്ലൂ ബുക്ക് പ്രകാരമാണ്. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും കൃത്യമായ എണ്ണം ബ്ലൂ ബുക്കിലുണ്ട്. രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്‌കോർട്ട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും ഉൾപ്പെടുന്ന വാഹനങ്ങളാണ് ഉള്ളത്. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. കൂടാതെ ആംബുലൻസ്, ഫയർസർവീസ് വാഹനങ്ങളും ഉണ്ടാകും. എന്നാൽ മുഖ്യമന്ത്രിക്ക് ഭീഷണി ഉണ്ടെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ട് ചെയ്താൽ പോലീസിന് സുരക്ഷ വർധിപ്പിക്കാം. ഇതിന്റെ മറവിലാണ് ഇപ്പോൾ ഇരട്ടി സുരക്ഷ ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി കടന്നുപോകുന്ന അല്ലെങ്കിൽ എത്തുന്ന ജില്ലയിലെ  പോലീസ് മേധാവി, അദ്ദേഹത്തിന്റെ കീഴിലുള്ള എസ്.ഐ വരെയുള്ള സന്നാഹം, സംസ്ഥാന രഹസ്യാന്വേഷണ, ഇന്റലിജന്റ്‌സ് വിഭാഗങ്ങളുടെ ഡിവൈ.എസ്.പിമാരും സംഘവും മുഖ്യമന്ത്രിയുടെ സന്നാഹത്തോടൊപ്പം അണിനിരക്കുകയാണ്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹം വേറെയും. ഇതോടെ വാഹനനിര 20 വരെയും ഉദ്യോഗസ്ഥർ 80 വരെയുമാകും. ഇത് കൂടാതെയാണ് റൂട്ട് ക്ലിയറൻസിന്റെ പേരിൽ റോഡ് അടച്ചുപൂട്ടൽ. 
ഇതിനായി മുഖ്യമന്ത്രിയുടെ റൂട്ടിലേക്ക് വന്നു ചേരുന്ന എല്ലാ റോഡുകളിലും രണ്ട് മണിക്കൂർ മുന്നേ പോലീസുകാരെ ഡ്യൂട്ടിക്ക് ഇടും. മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനും അരമണിക്കൂർ മുന്നേ ഇതുവഴിയുള്ള പാർക്കിംഗും പോലീസ് തടയും. മുഖ്യമന്ത്രി കടന്നുപോകുന്നതിന് പത്ത് മിനിട്ടുമുമ്പ് അതിന്റെ സൂചന നൽകി ഒരു വാഹനം റൂട്ടിലൂടെ പായും. ഇതോടെ റോഡിലേക്ക് ഇറങ്ങാനുള്ള എല്ലാ വഴികളും പോലീസ് തടയും. ജംഗ്ഷനുകളിൽ കൂടുതൽ പോലീസുകാരെ ഇറക്കിയാണ് റോഡ് അടയ്ക്കുന്നത്. ഇതോടെ ആംബുലൻസ് ഉൾപ്പെടെ ജനം വഴിയിൽ കുരുങ്ങും. ഇതാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ യാത്രയുടെ രീതി. ഇപ്പോൾ കാൽനടയാത്രക്കാർക്കുപോലും മുഖ്യമന്ത്രി കടന്നു പോകുന്നതിനു തൊട്ടുമുമ്പ് റോഡിലിറങ്ങാനാവാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം എറണാകുളത്ത് നാലുവയസ്സുകരാന് മരുന്നുവാങ്ങാനെത്തിയ അച്ഛനെ തടഞ്ഞത് വിവാദമായതിന് പിന്നാലെ തലസ്ഥാനത്തെ യാത്രയ്ക്കും വൻ സന്നാഹം റോഡിലിറക്കി ഗതാഗതം തടഞ്ഞു. ക്ലിഫ് ഹൗസിൽ നിന്നും മസ്‌കത്ത് ഹോട്ടൽ വരെയുള്ള യാത്രയ്ക്ക് ഇന്നലെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. നേരത്തെ സ്വർണക്കടത്ത് വിവാദം ഉയർന്നതോടെ സുരക്ഷ വർധിപ്പിച്ചിരുന്നു. അതിനുശേഷം വർധിപ്പിച്ച സുരക്ഷ പിൻവലിച്ചില്ല. ഇപ്പോൾ ബജറ്റിനെതിരെ പ്രതിഷേധം ഉയർന്നതോടെ സുരക്ഷ അതിന്റെയും ഇരട്ടിയിലധികം ആക്കുകയായിരുന്നു.
 

Latest News