തിരുവന്തപുരം- കേരളത്തില്‍ പെട്രോളിനും ഡീസലിനും നികുതി ഇളവ് നല്‍കി ജൂണ്‍ ഒന്നു മുതല്‍ ഒരു രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതു മൂലം സംസ്ഥാനത്തിന് 509 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഇതു സഹിക്കുക പ്രയാസമാണെങ്കിലും വില കുറക്കാന്‍ കേന്ദ്രത്തിന് ഒരു സന്ദേശം നല്‍കാനാണ് ഇത്രയും നഷ്ടം സഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞാലും നമ്മുടെ നാട്ടില്‍ കൂടുന്ന പ്രവണതാണ്. പെട്രോള്‍ വില കുറക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടും കേന്ദ്രം മുഖവിലക്കെടുക്കുന്നില്ല. വില കുറച്ച സംസ്ഥാനത്തിന്റെ നടപടി കേന്ദ്രത്തിന് ഒരു സന്ദേശമാണ്. കേന്ദ്രവും വില കുറക്കാന്‍ തയാറാകണം- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് 19.22 രൂപയും ഡീസലിന് 25.58 രൂപയുമാണ് സംസ്ഥാന നികുതിയായി ഈടാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേരളത്തേക്കാള്‍ നികുതി ഈടാക്കുന്നത് മഹാരാഷ്ട്രയും പഞ്ചാബും മാത്രമാണ്.