കോഴിക്കോട്- അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കോഡിനേഷൻ ഇസ്ലാമിക് കോളജസ് (സി.ഐ.സി)ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹകരിക്കില്ലെന്ന് സമസ്ത. ഇന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗമാണ് ഇക്കാര്യം വ്യക്താക്കിയത്. അതേസമയം, സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഉപദേശങ്ങൾക്കനുസരിച്ച് വാഫി, വഫിയ്യ സംവിധാനം പൂർവോപരി ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാൻ വേണ്ടത് ചെയ്യാനും യോഗം തീരുമാനിച്ചു.
അഹ് ലുസ്സുത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയും സമസ്ത കേരള ജംഇയ്യതുൽ ഉലമക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ എല്ലാഘടകങ്ങളിൽ നിന്നും അബ്ദുൽ ഹകീം ഫൈസിയെ നീക്കം ചെയ്യാൻ 09.11.2022 ന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി സി.ഐ.സി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സി യുമായി സമസ്ത സഹകരിക്കില്ലെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, യു.എം അബ്ദുറഹിമാൻ മുസ്ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, വി മൂസക്കോയ മുസ്ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാർ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീൻ കുട്ടി മുസ്ലിയാർ വാക്കോട്, എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, കെ.കെ പി അബ്ദുല്ല മുസ്ലിയാർ, ഇ.എസ് ഹസൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽ ഖാദിർ മുസ്ലിയാർ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി, കെ.എം ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ. അബ്ദുല്ല മുസ്ലിയാർ, പി.വി അബ്ദുസ്സലാം ദാരിമി എന്നിവർ പങ്കെടുത്തു.