കൊച്ചി- ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു വി ജോണിനെതിരെ സോഷ്യൽ മീഡിയ ക്യാംപയിൻ. ഓർത്തഡോക്‌സ് സഭ സംഘടിപ്പിച്ച പരിപാടിയിൽ ജാതിമേന്മ എടുത്തുപറഞ്ഞുവെന്നാരോപിച്ചാണ് പ്രചാരണം. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സിനിമാതാരം ക്യാപ്റ്റൻ രാജു അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽനിന്നുള്ളതാണ് വീഡിയോ. ചടങ്ങനെത്തിയ മുൻ കേരള ക്രിക്കറ്റ് ടീം നായകൻ സോണി ചെറുവത്തൂരിനെ പരിചയപ്പെടുത്തുന്നതിനിടെയാണ് വിനു വി ജോണിന്റെ വിവാദ പരാമർശം. സോണി ചെറുവത്തൂർ ഒരു ക്രിസ്ത്യനാണെന്ന് ഞാനാദ്യമായാണ് മനസിലാക്കുന്നത്...ഒരു ഓർത്തഡോക്‌സ്‌കാരനാണെന്ന് ഞാനതിലേറെ അത്ഭുതത്തോടെയാണ് മനസിലാക്കുന്നത്. സോണിയുമായി ഒട്ടേറെ തവണ പല സ്റ്റുഡിയോയിലും വെച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ഓർത്തഡോക്‌സുകാരനാണെന്ന് അറിയുന്നതിൽ വളരെ സന്തോഷം. അദ്ദേഹത്തെ പരിചയപ്പെടുത്തണമെന്ന് തോന്നുന്നു. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ. ഇപ്പോൾ കളിക്കുന്നു. ജമ്മു കശ്മീരിനെതിരായ ടെസ്റ്റിൽ കശ്മീരിൽ വെച്ച് തന്നെ പത്ത് വിക്കറ്റ് വീഴ്ത്തിയ മിടുമിടുക്കൻ. മികച്ച ഫാസ്റ്റ് ബൗളർ. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന ഓർത്തഡോക്‌സുകാരനാകട്ടെ സോണി എന്ന് ഞാൻ ആശംസിക്കുന്നു എന്നായിരുന്നു വിനുവിന്റെ പ്രസംഗം. കോട്ടയത്തെ ദുരഭിമാനക്കൊലയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച വിനു വി ജോണിന്റെ ഉള്ളുകള്ളി പുറത്തുകൊണ്ടുവരുന്നതാണ് ഈ വീഡിയോ എന്നാക്ഷേപിച്ചാണ് ക്യാംപയിൻ നടക്കുന്നത്.