റിയാദ് - അന്നസ്ര്‍, അല്‍വഹ്ദ ക്ലബ്ബുകള്‍ തമ്മിലെ മത്സരത്തിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി അന്നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള അന്നസ്ര്‍ ആരാധകന്റെ ശ്രമം വിഫലമായി. ഗ്യാലറയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങി റൊണാള്‍ഡോയുടെ സമീപം ഓടിയെത്തിയ യുവാവിനെ അന്നസ്ര്‍ ക്ലബ്ബിലെ സഹതാരം തടയുകയായിരുന്നു. യുവാവ് കിണഞ്ഞുശ്രമിച്ചിട്ടും സെല്‍ഫിയെടുക്കാന്‍ സഹതാരം സമ്മതിച്ചില്ല.
സെല്‍ഫിയെടുക്കാനുള്ള ശ്രമത്തെ തടയാന്‍ റൊണാള്‍ഡോ ശ്രമിച്ചിരുന്നില്ല. ഒടുവില്‍ സഹകളിക്കാരന്‍ സ്വന്തം ശരീരം കൊണ്ട് റൊണാള്‍ഡോയെ മറച്ചുപിടിക്കുന്നതിനിടെ സാധ്യമായ രീതിയില്‍ യുവാവ് സെല്‍ഫിയെടുക്കുയായിരുന്നു. ഇതോടെ അല്‍വഹ്ദ ക്ലബ്ബ് കളിക്കാരനും സ്ഥലത്തെത്തി യുവാവിനോട് ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. റൊണാള്‍ഡോയുടെ പ്രശസ്തമായ, മുട്ടുകാലുകള്‍ നിലത്തുരസിയുള്ള തെന്നല്‍ (നീ സ്ലൈഡ്) അനുകരിച്ചാണ് യുവാവ് ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍വഹ്ദക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ നാലു ഗോളുകള്‍ നേടിയിരുന്നു. മത്സരത്തിന്റെ 21, 40, 53, 61 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍വലയം കുലുക്കിയത്.
— Sela elnagar (@SelaElnagar) February 10, 2023