കോഴിക്കോട്- തുര്‍ക്കിയിലെ ഭൂചലന ദുരിതാശ്വാസത്തിന് വേണ്ടി സംസ്ഥാന ബജറ്റില്‍ നിന്ന് 10 കോടി രൂപ നീക്കിവെച്ചതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. തുര്‍ക്കിയിലേക്ക് പണം നല്‍കുന്നതിന് മുമ്പ് സ്വന്തം നാട്ടിലെ ആളുകളുടെ ക്ഷേമം അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തുര്‍ക്കിയുടെ കാര്യം പ്രധാനമന്ത്രിമോഡി നോക്കിക്കോളുമെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ അതിന് ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരു ആദിവാസി യുവാവ് കോഴിക്കോട് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായി ആത്മഹത്യചെയ്തത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. ഗൗരവപൂര്‍ണമായ ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മരിച്ച ആദിവാസി യുവാവിനും സാക്ഷരതാ പ്രേരകിന്റെ കുടുംബത്തിനും സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്ത രണ്ട് കര്‍ഷകര്‍ക്കും സര്‍ക്കാര്‍ 50 ലക്ഷം രൂപവീതം നല്‍കണണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ധനമന്ത്രിയും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്ത് നടത്തുന്നത് കള്ളപ്രചാരണങ്ങളാണ്. 50,000 കോടി കേന്ദ്രം നല്‍കാനുണ്ടെങ്കില്‍ രേഖാമൂലം കത്ത് നല്‍കണം. എന്നാല്‍ സര്‍ക്കാരോ എം.പിമാരോ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില ജി.എസ്.ടിയുടെ കീഴില്‍ ഉള്‍പ്പെടുത്താത്തത് കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 2000 കോടി മാറ്റിവെക്കുകയും ഇന്ധനത്തിനുമേല്‍ സെസ്സ് ഏര്‍പ്പെടുകയും ചെയ്ത ധനമന്ത്രിയാണ് സംസ്ഥാനത്തുള്ളത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നത് വെറും ബജറ്റ് പ്രസംഗം മാത്രമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)