Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണിക്ക് നല്‍കിയ ഇന്‍സുലിനില്‍ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു

തിരുവനന്തപുരം- നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിക്കു നേരെ ആക്രമണം. ഗര്‍ഭിണിയായ യുവതിക്ക് ഇന്‍സുലിന്‍ നല്‍കിയതില്‍ പിഴവുണ്ടായെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ ആക്രമണം നടത്തിയത്. 

സംഭവത്തില്‍ ആശുപത്രിയിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ തകര്‍ത്തതായും ഡ്യൂട്ടിലുണ്ടായിരുന്ന ഡോക്ടര്‍ക്കും നഴ്‌സിനും പരുക്കേറ്റതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. യുവതിയുടെ പിതാവ് ബിജു, ഭര്‍ത്താവ് മിഥുന്‍ ചന്ദ്രന്‍, പിതാവിന്റെ സഹോദരന്‍ അജു എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പരാതി. 

ഗര്‍ഭിണിയായ പഴയകട സ്വദേശിനി ആതിര (28) തിരുവനന്തപുരം എസ്. എ. ടി ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഷുഗര്‍ കൂടിയതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീടിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്‍സുലിന്‍ എടുത്തിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ആതിരയ്ക്ക് നാല് യൂണിറ്റ് അധികം ഇന്‍സുലിന്‍ ഉപയോഗിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

അമിത പ്രമേഹമുണ്ടായിരുന്ന ആതിരക്ക് രണ്ട് തരത്തിലുള്ള ഇന്‍സിലുനുകളാണ് എസ്. എ. ടി ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചതെങ്കിലും സ്വകാര്യ ആശുപത്രിയിലെത്തിയ ആതിരയോട് ഡ്യൂട്ടിയിലുണ്ടായ ഡോക്ടറെ കാണാന്‍ നഴ്‌സ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതിയും ബന്ധുക്കളും അതിന് തയ്യാറായില്ലായെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

Latest News