സൂര്യകുമാർ യാദവ് (മുംബൈ ഇന്ത്യൻസ്)
ഐ.പി.എൽ ചരിത്രത്തിൽ ഒരു സീസണിൽ അഞ്ഞൂറിലേറെ റൺസ് നേടുന്ന രാജ്യാന്തര താരമല്ലാത്ത കളിക്കാരനായി സൂര്യകുമാർ. മധ്യനിരയിൽ നിന്ന് ഇരുപത്തേഴുകാരനെ ഓപണറായി മാറ്റിയ നീക്കം ഫലം കണ്ടു. കഴിഞ്ഞ നാലു സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മധ്യനിരയിലാണ് മുംബൈക്കാരൻ ബാറ്റ് ചെയ്തത്. ഇത്തവണ മുംബൈയുടെ ടോപ്‌സ്‌കോറർ. നാല് അർധ ശതകങ്ങൾ. 34, 44, 36, 38 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ.
സിദ്ധാർഥ കൗൾ (സൺറൈസേഴ്‌സ് ഹൈദരാബാദ്)
കഴിഞ്ഞ സീസണിൽ 16 വിക്കറ്റോടെ ശ്രദ്ധ പിടിച്ചുപറ്റിയ സിദ്ധാർഥ് ഇത്തവണ 21 വിക്കറ്റെടുത്തു. വിക്കറ്റ്‌വേട്ടയിൽ രണ്ടാം സ്ഥാനത്ത്. ടൂർണമെന്റിൽ ഏറ്റവുമധികം ഓവർ എറിഞ്ഞവരിൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ കൂടുതൽ റൺസ് വഴങ്ങി. എങ്കിലും സ്‌ട്രൈക്ക് റൈറ്റ് റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, സുനിൽ നരേൻ എന്നിവരെക്കാൾ മെച്ചമാണ്.
ദീപക് ചാഹർ (ചെന്നൈ സൂപ്പർ കിംഗ്‌സ്)
പുതിയ പന്തുമായുള്ള ദീപകിന്റെ ബൗളിംഗ് ചെന്നൈക്ക് മിക്കപ്പോഴും ബ്രെയ്ക്ത്രൂ നൽകി. 3-15, 1-16, 2-30 തുടങ്ങിയവയാണ് ദീപകിന്റെ നാലോവർ സ്‌പെല്ലുകൾ. എക്കണോമി നിരക്ക് 7.28 മാത്രമാണ്. പരിക്കുമായി നാലു കളികളിൽ വിട്ടുനിൽക്കേണ്ടി വന്നുവെങ്കിലും 10 വിക്കറ്റെടുത്തു. പഞ്ചാബിനെതിരെ മുൻനിരയിൽ ബാറ്റിംഗിന് അയച്ചപ്പോൾ 20 പന്തിൽ 38 റൺസടിച്ചു.
അങ്കീത് രാജ്പുത് (പഞ്ചാബ് കിംഗ്‌സ് ഇലവൻ)
പഞ്ചാബിന്റെ അഞ്ചാം മത്സരത്തിലാണ് അങ്കീതിന് ആദ്യ അവസരം കിട്ടിയത്. രണ്ടാമത്തെ കളിയിൽ ദൽഹിക്കെതിരെ 23 റൺസിന് രണ്ടു വിക്കറ്റെടുത്തു. ഹൈദരാബാദിനെതിരെ 14 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ചെന്നൈക്കെതിരെ മെയ്ഡനായ ഓവറിൽ രണ്ട് വിക്കറ്റെടുത്തു. എട്ട് കളികളിൽ ഇരുപത്തിനാലുകാരന് 11 വിക്കറ്റ് ലഭിച്ചു.
ഇഷാൻ കിഷൻ (മുംബൈ ഇന്ത്യൻസ്)
6.2 കോടി രൂപ കൊടുത്താണ് ലേലത്തിൽ ഇഷാനെ മുംബൈ സ്വന്തമാക്കിയത്. മുൻ അണ്ടർ-19 ഇന്ത്യ നായകൻ ആദ്യ മൂന്നു കളികളിൽ 93 റൺസ് സ്‌കോർ ചെയ്തു.
അടുത്ത കളിയിൽ 32 പന്തിൽ 48 റൺസ് നേടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 21 പന്തിൽ 62 റൺസടിച്ചതാണ് മികച്ച പ്രകടനം. 17 പന്തിലാണ് അന്ന് അർധ ശതകം തികച്ചത്. മികച്ച മൂന്നാമത്തെ വിക്കറ്റ്കീപ്പറാണ്, 11 പേരെ പുറത്താക്കി.