Sorry, you need to enable JavaScript to visit this website.

റാമോസിന്റെ 'കൈ പൂട്ട് ' ജൂഡോയിൽ പോലും വിലക്കിയത്

റാമോസിന്റെ ടാക്ലിംഗിനിടെ വീഴുന്ന സലാഹ്‌

ലണ്ടൻ - ശനിയാഴ്ച രാത്രി യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിൽ റയൽ മഡ്രീഡ് ക്യാപ്റ്റൻ സെർജിയൊ റാമോസ് ലിവർപൂളിന്റെ മുഹമ്മദ് സലാഹിനെതിരെ പ്രയോഗിച്ച ടാക്ലിംഗ് ജൂഡോയിൽ അപകടകരമാണെന്നു കണ്ട് വിലക്കിയതാണെന്ന് യൂറോപ്യൻ ജൂഡൊ യൂനിയൻ. ഇടതു ചുമൽ ഇടിച്ചു വീണ ഈജിപ്ത് സ്‌ട്രൈക്കർക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അത് ലിവർപൂളിന്റെ പരാജയത്തിന് കാരണമായി. സലാഹിന്റെ ലോകകപ്പ് സാധ്യതകളും ത്രിശങ്കുവിലായി. 
റാമോസ് മുമ്പും ഈ കൈകോർക്കൽ തന്ത്രം പുറത്തെടുത്തിരുന്നുവെന്ന് ലിവർപൂൾ ആരാധകർ കുറ്റപ്പെടുത്തി. കഴിഞ്ഞ സീസണിൽ യുവന്റസിനെതിരായ ഫൈനലിൽ ബ്രസീലുകാരൻ ഡാനി ആൽവെസിനെതിരെയായിരുന്നു ഇത്. 
എന്നാൽ ആൽവെസിന് ഒഴിഞ്ഞുമാറാൻ സാധിച്ചു. ശനിയാഴ്ച തന്നെ ലിവർപൂൾ ഗോളി ലോറിസ് കാരിയൂസിനെയും പന്ത് കൈയിലില്ലാത്ത ഘട്ടത്തിൽ റാമോസ് ഫൗൾ ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കാരിയൂസ് വൻ അബദ്ധം കാട്ടിയത്. 
റാമോസിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ലിവർപൂൾ, ഈജിപ്ത് ആരാധകർ തുടങ്ങിയ ഓൺലൈൻ പരാതിയിൽ തിങ്കളാഴ്ച ഉച്ച വരെ മൂന്നര ലക്ഷത്തോളം പേർ ഒപ്പിട്ടു. 
ഈജിപ്തിൽ സലാഹ് തരംഗം അലയടിക്കുകയാണ്. അത് പലപ്പോഴും റാമോസിനെതിരായ രോഷപ്രകടനമായും മാറുന്നുണ്ട്. തന്നോടുള്ള അദമ്യമായ സ്‌നേഹപ്രകടനത്തിൽ നന്ദിയുണ്ടെന്നും ലോകകപ്പാവുമ്പോഴേക്കും കായികക്ഷമത വീണ്ടെടുക്കാമെന്നാണ് കരുതുന്നതെന്നും സലാഹ് ട്വിറ്ററിലൂടെ അറിയിച്ചു. 
ഞാനൊരു പോരാളിയാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും ഞാൻ റഷ്യയിലുണ്ടാവും. നിങ്ങളുടെ അഭിമാനം സംരക്ഷിക്കും. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്റെ കരുത്ത് -സലാഹ് പറഞ്ഞു. ജൂൺ 15 ന് ഉറുഗ്വായ്‌ക്കെതിരെയാണ് ഈജിപ്തിന്റെ ആദ്യ മത്സരം. 

Latest News