നാഗ്പൂര്‍ - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് മുമ്പ് സ്‌പെഷ്യല്‍ സ്പിന്നറെ കൊണ്ടുവരുന്നു. ഇടങ്കൈയന്‍ സ്പിന്നര്‍ മാത്യ കൂനെമാനെയാണ് അടിയന്തരമായി ടീമിലുള്‍പെടുത്തിയത്. കൂനേമാന്‍ ദല്‍ഹിയിലെ അടുത്ത ടെസ്റ്റില്‍ അരങ്ങേറാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് കോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് വെളിപ്പെടുത്തി. ഇരുപത്താറുകാരന്‍ നാല് ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയക്ക് കളിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് തോറ്റത്. മൂന്നു ദിനം പോലും കളി നീണ്ടില്ല.
സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സന്‍ നാട്ടിലേക്കു മടങ്ങും. ആദ്യ കുഞ്ഞിന്റെ ജനനമടുത്തതിനാലാണ് ഇത്. മൂന്നു സ്പിന്നര്‍മാരുമായി കളിക്കേണ്ടി വന്നാല്‍ കൂനേമാന്‍ എന്തായാലും ടീമിലുണ്ടാവുമെന്ന് കോച്ച് പറഞ്ഞു. നാല് സ്പിന്നര്‍മാരുമായാണ് ടീം ഇന്ത്യയിലേക്ക് വന്നത്.
ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കെയാണ് കൂനെമാന് ദേശീയ ടീമിലേക്കുള്ള ക്ഷണം വന്നത്. അല്‍പമൊന്ന് ഞെട്ടി. പാസ്‌പോര്‍ട് ബാഗിലുണ്ടായിരുന്നത് ഭാഗ്യം. ആദ്യ ടെസ്റ്റ് എല്ലാ ദിവസവും വീക്ഷിച്ചിരുന്നുവെന്നും സ്പിന്നര്‍ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ സ്പിന്നര്‍ ടോഡ് മര്‍ഫി ഏഴ് വിക്കറ്റെടുത്തിരുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ പെയ്‌സ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും കളിച്ചേക്കും.