കൊച്ചി- അന്യായ തടങ്കലിൽ കഴിയുന്ന സഞ്ജീവ് ഭട്ടിന് നീതിതേടിയുള്ള പോരാട്ടത്തിൽ കേരളം നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഭാര്യ ശ്വേത ഭട്ട്. അന്തരിച്ച സാമൂഹിക-ചലച്ചിത്ര പ്രവർത്തകനും കാർട്ടുണിസ്റ്റുമായ കെ.പി. ശശിയുടെ ഓർമയ്ക്കായി എറണാകുളം സി. അച്യുതമേനോൻ ഹാളിൽ സുഹൃത്വലയം സംഘടിപ്പിച്ച 'ലിവിംഗ് ഇൻ റെസിസ്റ്റൻസ്' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഗുജറാത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ജയിലിലായിട്ട് നാല് വർഷവും അഞ്ച് മാസവും പിന്നിട്ടുകഴിഞ്ഞു. ഭരണകൂട ഭീകരതയ്ക്കെതിരെ ഔദ്യോഗിക ജീവിതത്തിൽ പ്രതികരിച്ചതിന്റെയും സത്യസന്ധമായി ജോലി ചെയ്തതിന്റെയും ഫലമാണ് സഞ്ജീവ് ഭട്ടിന്റെ ജയിൽവാസം. കീഴ്കോടതികളിൽനിന്ന് ഹൈക്കോടതിയിലേയ്ക്കും അവിടെ നിന്ന് സുപ്രീം കോടതിയിലേയ്ക്കും ഭട്ടിനെതിരെയുള്ള കേസുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. കേസുകൾ കാര്യമായി കേൾക്കാൻ പോലും നീതിപീഠം കൂട്ടാക്കുന്നില്ല. മാസങ്ങളെടുത്താണ് കേസ് സുപ്രീം കോടതിയിലെത്തിയത്. എന്നാൽ കീഴ്ക്കോടതി കേസ് പരിഗണിക്കട്ടെ എന്ന നിലപാട് സ്വീകരിച്ച കോടതി കേസ് കീഴ്ക്കോടതിയിലേയ്ക്ക് തന്നെ മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കിയാണ് കേന്ദ്രസർക്കാർ സഞ്ജീവിനെതിരെ അഭിഭാഷകരെ ഇറക്കുന്നത്. ഭരണകൂടം അദ്ദേഹത്തിനെ ഭയക്കുന്നുവെന്നും നീതിപീഠത്തിന്റെ സമീപനം മടുപ്പിക്കുന്നതാണെങ്കിലും ഭർത്താവിന് വേണ്ടി പോരാട്ടം തുടരുമെന്നും ശ്വേത ഭട്ട് പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന അനീതികൾക്കെതിരെയുള്ള ചെറുത്ത് നിൽപിന് ജീവിതം മാറ്റിവെച്ചയാളായിരുന്നു കെ.പി. ശശിയെന്ന് ജനയുഗം പത്രം എഡിറ്റർ രാജാജി മാത്യു തോമസ് പറഞ്ഞു. ഒരു മേഖലയിൽ മാത്രം ഒതുങ്ങി നിന്ന വ്യക്തിയല്ലെന്നും രാഷ്ട്രീയ-ചലച്ചിത്ര-കാർട്ടൂൺ രചന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ശശിക്കായെന്നും രാജാജി മാത്യൂ തോമസ് പറഞ്ഞു. കാന്ധമാലിലെ വർഗീയ കലാപത്തിന്റെ ഇരകളെ പ്രതിനിധീകരിച്ച് ഫാദർ അജയ് കുമാർ സിങ്ങ്, മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ, കെ.പി. സേതുനാഥ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ.പി. ശശിയുടെ അന്യായത്തടങ്കലിൽ കഴിയുന്നവരെക്കുറിച്ചും അബ്ദുൽ നാസർ മഅ്ദനിയെക്കുറിച്ചുമുള്ള ഫാബ്രിക്കേറ്റഡ്, കാന്ധമാലിലെ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ കഥപറയുന്ന വോയിസ് ഫ്രം ദി യൂൻസ് എന്നി ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. കെ.പി. ശശി വരച്ച കാർട്ടൂണുകൾ ഉൾക്കൊള്ളുന്ന ഒരു ഇൻസ്റ്റലേഷനും ഒരുക്കിയിരുന്നു. ശശിയുടെ സുഹൃത്തു കൂടിയായ കൽക്കട്ടയിൽ നിന്നുള്ള ഗായകൻ സുസ്മിത് ബോസിന്റെ സംഗീത പരിപാടിയോടെയാണ് 'ലിവിംഗ് ഇൻ റെസിസ്റ്റൻസ്' സമാപിച്ചത്.