ദുബായ്- കഴിഞ്ഞ ദിവസം മരണപ്പെട്ട നാല് പ്രവാസികളില്‍ മൂന്ന് പേരും ആത്മഹത്യ ചെയ്തവരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പങ്കുവെക്കുന്നത്. ഇതിലൊരാള്‍ നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത്, പെട്ടി പായ്ക്ക് ചെയ്ത ശേഷമാണ് ആത്മഹത്യ ചെയ്തത്. ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്. പ്രവാസലോകത്തും ആത്മഹത്യകളുടെ എണ്ണം കുത്തനെ ഉയരുന്നതായി അദ്ദേഹം പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ ഉറ്റവരുടെ അടുക്കലേക്ക് എത്തിക്കാന്‍ പ്രയത്‌നിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്-
കഴിഞ്ഞ ദിവസം മരണപ്പെട്ട നാലു പേരില്‍ മൂന്നു പേരും ആത്മഹത്യ ചെയ്തവരായിരുന്നു. ഇതില്‍ ഒരാള്‍ അതേ ദിവസം നാട്ടിലേക്ക് പോകാനിരുന്ന ദിവസം മണിക്കൂറുകള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി രാത്രി പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ പുറപ്പെടേണ്ടിയിരുന്ന വ്യക്തി മണിക്കൂറുകള്‍ക്ക് മുന്‍പ് ഏഴര മണിയയോട് കൂടി തൂങ്ങി മരിക്കുകയായിരുന്നു. നാട്ടിലേക്ക് തിരിക്കുക എന്നത് ഏത് പ്രവാസികളെ സംബന്ധിച്ചും ഏറെ ആഹ്ലാദകരമായിരിക്കും.
ഇതിനിടയില്‍ വന്നുകയറിയ അശുഭകരമായ സംഗതികളായിരിക്കാം ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങിനെ കടുംകൈ ചെയ്യിപ്പിച്ചത്. നാട്ടിലേക്ക് പോകാന്‍ അനുവദിക്കാത്ത അവസ്ഥയോ പ്രതിസന്ധികളോ മറ്റോ ആയിരിക്കാം ഒരു പക്ഷേ ഇദ്ദേഹത്തെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിട്ടുണ്ടാകുക. ഒരു പ്രവാസി നാട്ടിലേക്ക് പോകാന്‍ പെട്ടി കെട്ടിവെച്ച് ആത്മഹത്യ ചെയ്യുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് ഞാന്‍ അനുഭവിക്കുന്നത്. വല്ലാത്ത കഷ്ടമായിപ്പോയി. തങ്ങളുടെ മനസ്സുകള്‍ക്ക് താങ്ങാന്‍ കഴിയാത്തത്ര ഭാരം വരുമ്പോഴാണ് പലരും സ്വയം മരണത്തിലേക്ക് നടന്നടുക്കുന്നത്. ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളോട് പരസ്പരം പങ്കവെച്ച് മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുകയും പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്.
നമ്മില്‍ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ അനുഗ്രഹങ്ങള്‍ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ
അബൂബക്കര്‍ താമരശ്ശേരി