മലപ്പുറം-ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുഞ്ഞിന്റെ മൂത്രം ദേഹത്തായാൽ ഭർത്താവ് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. മാറാക്കര മുഴങ്ങാനി മുസ്്‌ലിയാരകത്ത് മുജീബുർറഹ്്മാന്റെയും ആമിനയുടെയും മകൾ സഫ് വാന(23)യാണ് ജീവനൊടുക്കിയത്. മാറാക്കര മുള്ളംമട അടാട്ടിൽ അർഷാദലിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു യുവതിയെ. കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പിതാവിന്റെ പരാതി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖബറടക്കി. സഫ് വാനയുടെ മകൾ: ആലിയ ബത്തൂൻ.