ജിദ്ദ-കണ്ണൂര്‍ സൗഹൃദവേദി സമൂഹ ഇഫതാര്‍ സംഗമം സംഘടിപ്പിച്ചു. ഷറഫിയ ലക്കി ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട വിവിധ മതസ്തരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. നാട്ടില്‍ നിപ്പ വൈറസ് ബാധയേറ്റ് മരണമടഞ്ഞവരുടെയും, ആതുര ശുശ്രൂഷക്കിടയില്‍, രോഗിയെ ശുശ്രൂഷിച്ചതുവഴി രോഗബാധയേറ്റ് മരണമടഞ്ഞ നഴ്‌സ് ലിനയുടെയും വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ആദര സൂചകമായി മൗന പ്രാര്‍ത്ഥന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. സൗഹൃദ വേദി പ്രസിഡന്റ് രാധാകൃഷണന്‍ കാവുമ്പായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷറഫുദ്ദീന്‍ ബാഖഫി ചുങ്കത്തറ റംസാന്‍ സന്ദേശം നല്‍കി. ജാതി മത ചേരിതിരിവുകളിലൂടെ കലുഷിതമായ ഇക്കാലത്ത് സൗഹൃദവേദിയുടെ നാനാമത കൂട്ടായ്മ ഒരു പൂങ്കാവനത്തിലെത്തിയ പ്രതീതി ഉളവാക്കുന്നുവെന്നും, ഈ സൗഹൃദ സദസ്സുപോലെ സൗഹൃദവും സാഹോദര്യവും നമ്മുടെ നാട്ടിലും കൈവിടാതെ സൂക്ഷിക്കുവാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം സന്ദേശത്തില്‍ ആശംസിച്ചു.ജിദ്ദ സനയ്യ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കമ്പനിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോകാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്ന കണ്ണൂര്‍ ചെറുകുന്ന് സ്വദേശിക്കുള്ള സൗഹൃദവേദി കാരുണ്യ നിധിയില്‍ നിന്നുള്ള ധന സഹായം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മുഹമ്മദ്, ട്രഷറര്‍ ഹരിദാസ് കീച്ചേരി എന്നിവര്‍ ചേര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയാ പ്രതിനിധിയും വൈസ് പ്രസിഡന്റുമായ ഹരീന്ദ്രനു വേദിയില്‍ വച്ചു കൈമാറി. സി.ഒ.ടി അസീസ് (മലയാളം ന്യൂസ്), സൗഹൃദവേദി രക്ഷാധികാരി എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ഉപദേശക സമിതി അംഗം ജാഫറലി പാലക്കോട് തുടങ്ങിയവര്‍ സംഗമത്തില്‍ ആശംസകളര്‍പ്പിച്ചു. പ്രമുഖ സംഘാടകന്‍ ഉണ്ണീന്‍ പുലാക്കല്‍, ഷിഫ ജിദ്ദ പ്രതിനിധി ബഷീര്‍, അല്‍ അബീര്‍ പ്രതിനിധി അബ്ദുല്‍ റഹ്മാന്‍, കൈരളി റിപ്പോര്‍ട്ടര്‍ ബിജുരാജ്, തേജസ് റിപ്പോര്‍ട്ടര്‍ കബീര്‍, സന്തോഷ് ഭരതന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ചക്കരക്കല്ല് സ്വാഗതവും സെക്രട്ടറി സുരേഷ് രാമന്തളി നന്ദിയും പറഞ്ഞു.