കാലിക്കറ്റ് ടു ഗാങ്‌ടോക് -2
ചെന്നൈയിൽ നിന്നും 45 മണിക്കൂർ യാത്രയുണ്ട് സിലിഗുരിയിലേക്ക്. ആന്ധ്രാ പ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലൂടെ ട്രെയിൻ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. റാഡ്ക്ലിഫ്ഫിൻെറ കോടാലി പ്രയോഗത്തിലൂടെ കോലം കേട്ടുപോയ ബംഗാളിന്റെ ഒരറ്റത്താണ് ന്യൂജൽപായ്ഗുരിയും സിലിഗുരിയും. ഇടക്ക് ട്രെയിൻ ബിഹാറിലെ കിഷൻ ഗഞ്ചിനെ മുറിച്ചു കടന്ന് വീണ്ടും ബംഗാളിലേക്ക് കയറി. ഏതാനും മണിക്കൂർ കഴിഞ്ഞ് ട്രെയിൻ എൻജെപി സ്‌റ്റേഷനിൽ എത്തി.
ഞങ്ങൾ രണ്ടു പേരും അവിടെയിറങ്ങി. നാട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നും ലഭിച്ച ട്രാവലോഗിന്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള യാത്ര. നേരെ സിലിഗുരിയിലേക്ക് ഓട്ടോ വിളിച്ചു. ഹോട്ടൽ മനിലയിൽ റൂമെടുത്തു. ചെറിയ ഹോട്ടൽ. തരക്കേടില്ലാത്ത അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ചെറിയ ഹോട്ടൽ. വാടക വളരെ തുഛം. സമയം വൈകിയതിനാൽ കുളിച്ചു മാറി ഒരൊറ്റ കിടത്തം.
ഞങ്ങളുടെ ലക്ഷ്യം സിക്കിമായിരുന്നതിനാൽ അതിരാവിലെ എഴുന്നേറ്റ് തൊട്ടടുത്ത് തന്നെയുള്ള സിക്കിം സർക്കാരിന്റെ എസ്എൻടി ബസ് സ്‌റ്റേഷനിലേക്ക് നടന്നു. ഗാങ്‌ടോക്കിലേക്കുള്ള ടിക്കറ്റും എടുത്ത് ബസിൽ കയറി ഇരിപ്പുറപ്പിച്ചു. സിലിഗുരി-ഗാങ്‌ടോക് 116 കിലോ മീറ്ററാണ്. 5 മണിക്കൂർ യാത്രയുണ്ട്. തുടക്കത്തിൽ വയനാടൻ ചുരത്തെ ഓർമിപ്പിക്കുമെങ്കിലും പിന്നീട് സ്ഥിതി മാറി. ഹിമാലയൻ കാറ്റിന്റെയും മഞ്ഞിന്റെയും സുഗന്ധം മുഖത്തേക്ക് വീശിയടിക്കാൻ തുടങ്ങി. വളഞ്ഞു പുളഞ്ഞു പോകുന്ന ഹിമാലയൻ ചുരം. അതിന്റെ ഒരു വശത്ത് അതി മനോഹരിയായ ടീസ്റ്റ റിവർ. തിബത്തിൽ നിന്നും ഉത്ഭവിച്ച് ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും പരന്നൊഴുകി പ്രദേശങ്ങൾക്കൊക്കെ സമ്പൽ സമൃദ്ധിയും ചിലപ്പോൾ നിറഞ്ഞു കവിഞ്ഞ് താണ്ഡവമാടിയും അവളങ്ങനെ ഇളം പച്ച നിറത്തിൽ കുതിച്ചു പായുന്നു.
310 കിലോമീറ്റർ സഞ്ചരിച്ചാണ് ടീസ്റ്റ ബംഗാൾ ഉൾക്കടലിൽ ലയിച്ചു ചേരുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വൻകിട ജലവൈദ്യുത പദ്ധതികളും ജലസേചന പദ്ധതികളും ടീസ്റ്റയുടെ സംഭാവനകളാണ്. ഇതിലൂടെ ഒഴുകുന്ന ജലത്തിന്റെ അവകാശത്തെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഇടക്കിടക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഉച്ചക്ക് ഒരു മണിക്ക് ബസ് ടീസ്റ്റയുടെ സമീപത്തുള്ള രാങ്‌പോ പട്ടണത്തിൽ ഭക്ഷണത്തിന് നിർത്തി.
നല്ല വിശപ്പ്. അടുത്ത് കണ്ട ചെറിയ റസ്‌റ്റോറന്റിൽ കയറി. രണ്ടു വെജി താളി ഓർഡർ നൽകി. കാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ഹിന്ദിക്കാരൻ കിഴവൻ അടുത്ത് വന്നു കുശലം പറയാൻ തുടങ്ങി. ഞങ്ങളുടെ കോലം കണ്ടപ്പോൾ തന്നെ മലയാളികളാണെന്ന് തോന്നിയത് കൊണ്ടാവണം. ആപ് കേരള സെ ആതാ ഹേ? അതെ .. മറുപടി പറഞ്ഞപ്പോൾ ഇവിടെയും ഒരു കേരള വാലയുണ്ടെന്നു പറഞ്ഞ് അയാളെ ഫോൺ ചെയ്തു വരുത്തി. കോഴിക്കോട് കോടഞ്ചേരിയിൽ നിന്നുള്ള ഒരു ജോർജ്. വർഷങ്ങൾക്കു മുൻപ് ഇവിടെയടുത്തുള്ള കമ്പനിയിലേക്ക് ജോലിക്ക് വന്നതാണ്. ഇപ്പോൾ സൈഡ് ബിസിനസായി ഈ ഹിന്ദിക്കാരൻ കിഴവനോടൊപ്പം ഹോട്ടലും നടത്തുന്നു. ഭാര്യയും കുട്ടികളുമെല്ലാം നാട്ടിലാണ്. വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരും.
ഹിമാലയത്തിന്റെ താഴ്‌വരയിൽ ഒരു മലയാളിയെ കണ്ടതിൽ മഹാദ്ഭുതമൊന്നും തോന്നിയില്ല. വർഷങ്ങൾക്കു മുൻപ് 1950 ൽ മലയാള സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്.കെ.പൊറ്റെക്കാട് ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായെഴുതിയ 'സിംഹഭൂമി' എന്ന പുസ്തകത്തിൽ ആഫ്രിക്കൻ വനാന്തരങ്ങളിലെ പട്ടണങ്ങളിൽ പോലും ജോലിയെടുത്തും കച്ചവടം ചെയ്തും ജീവിക്കുന്ന അനേകം മലയാളികളെ കുറിച്ച് വിവരിക്കുന്നുണ്ട്. 68 വർഷങ്ങൾക്കിപ്പുറം ആധുനിക കാലഘട്ടത്തിൽ ഇവിടെ ഹിമാലയൻ താഴ്‌വരയിൽ ഒരു മലയാളിയെ കണ്ടെത്തിയതിൽ എന്തിരിക്കുന്നു.
ചൊവ്വാ ഗ്രഹത്തിൽ പോയാലും അവിടെ ചിലപ്പോൾ ഒരു മലയാളിയെ കണ്ടെത്തിയെന്നിരിക്കും. ഭക്ഷണം കഴിച്ച് ഞങ്ങൾ ജോർജിനോട് യാത്ര പറഞ്ഞു ബസിൽ കയറി. വൈകിട്ട് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ട്ടോക്കിൽ ഞങ്ങൾ ബസിറങ്ങി. (തുടരും)