പാലക്കാട്: മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജനെതിരെയുള്ള റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്നലെ അവസാനിച്ച പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത് നിഷേധിക്കുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. റിസോര്‍ട്ട് വിവാദത്തില്‍ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ അന്വേഷണം നടത്തനാണ് സംസ്ഥാന സമിതിയിലെ തീരുമാനമെന്നറിയുന്നു. വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. സംസ്ഥാന സമിതിയില്‍ ഇരു നേതാക്കളും പരസ്പരം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജന്‍ പറഞ്ഞു..
കണ്ണൂരിലെ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ഇ പി ജയരാജന്‍ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി ജയരാജന്റെ അരോപണം. എന്നാല്‍, പി ജയരാജന്‍ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും, എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിത്തിരുന്നില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)