കോഴിക്കോട്- കോട്ടയത്തെ ദളിത് യുവാവ് കെവിൻ ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം ഷാജി. ദുരൂഹ വ്യക്തിയായ തങ്കു ബ്രദറുമായി മുഖ്യമന്ത്രി നടത്തിയ കച്ചവടത്തിനിടെയാണ് കെവിൻ ജോസഫ് കൊല്ലപ്പെട്ടതെന്ന് ഷാജി ആരോപിച്ചു. പാർട്ടി സെക്രട്ടറിയായിരിക്കെ തന്നെഎതിർക്കുന്നവരുടെ വീട്ടിലൊരു വിധവ പരിപാടി നടക്കിയ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീട്ടിലൊരു വിധവ, വിധവക്കൊരു ജോലി പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും ഷാജി ആരോപിച്ചു.
വി.എസ് അച്ചുതാനന്ദൻ സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയ തങ്കു ബ്രദറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കച്ചവടം ഉറപ്പിക്കാൻ പോയതിന്റെ വിലയാണ് കെവിന്റെ മരണം. ജാതിയുടെ പേരിൽ കൊല്ലപ്പെടുന്ന യുവാവും നിഷ്‌ക്രിയമാകുന്ന പോലീസും പിണറായി ഭരിക്കുന്ന നമുക്കിടയിൽ പരിചിതമായ ഒന്നായിരിക്കുന്നു. അജ്ഞാതമായ കാരണത്താൽ ആർക്കോ നിലമൊരുക്കുന്നതിന് വേണ്ടി കേരളത്തെ അരാജകത്വത്തിലാഴ്ത്തുകയാണ് തന്റെ ചുമതലയെന്ന് വിശ്വസിക്കുന്ന ഒരു കാവൽ ഭരണാധികാരിയുടെ ഭാവഹാദികളാണ് ഇത്തരം സംഭവങ്ങളിലൊക്കെയും പിണറായിയെ നയിക്കുന്നത്.
ദളിത് യുവാവ് ജീവന് വേണ്ടി കേഴുമ്പോൾ തങ്കു ബ്രദറിന്റെ അപദാനങ്ങൾ പാടാൻ പോയ പിണറായി തമ്പുരാന് സുരക്ഷ ഒരുക്കുന്ന തിരക്കിലായിരുന്നു പോലിസ്. തന്നെ കണ്ടാൽ മുട്ടുവിറക്കുന്ന അണികളെന്ന പാർട്ടി യന്ത്രങ്ങളോട് പെരുമാറുന്ന അതെ വൈകൃത മനോഭാവത്തിലൂടെ തന്നെയാണ് പിണറായി ആഭ്യന്തരവും കയ്യാളുന്നത്. ആ അഹങ്കാരം തന്നെയാണ് പോലീസിനെ അപരിഷ്‌കൃതമാക്കുന്നത്.വാരാപ്പുഴ കൊലപാതകത്തിൽ സർക്കാറിനെ വിമർശിച്ച മനുഷ്യാവകാശ' കമ്മിഷനോട് പോയി പണി നോക്കാൻ പറഞ്ഞ മഹാരാജ പിണറായി ഇന്ന് ഏഷ്യാനെറ്റി ന്റെ മാധ്യമ പ്രവർത്തകയോടും അതെ അഹങ്കാരം തന്നെയാണ് കാണിച്ചതെന്നും ഷാജി പറഞ്ഞു.
പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ'എതിർക്കുന്നവരുടെ വീട്ടിലൊരു വിധവ ' പദ്ധതിയാണ് നടപ്പിലാക്കിയതെങ്കിൽ മുഖ്യമന്ത്രിയായപ്പോൾ വീട്ടിലൊരു വിധവ, വിധവക്കൊരു ജോലി പദ്ധതിയാണ് പിണറായി നടപ്പിലാക്കുന്നത്.. ശ്രീജിത്തിനെ കസ്റ്റഡിയിൽ വെച്ച് കൊന്നെങ്കിൽ കെവിനെ കൊല്ലാനുള്ള എല്ലാ സാഹചര്യവും സമയവും ഉണ്ടാക്കിക്കൊടുക്കുന്ന പണിയായിരുന്നു പോലീസിന്. കെവിന്റെ പിതാവിന്റെയും ഭാര്യയുടെയും പരാതി നിരസിച്ച പോലിസ് ഉദ്യോഗസ്ഥർക്ക് നേരെയും കൊലക്കുറ്റം ചുമത്തേണ്ടതുണ്ട്. ഈ കൊലപാതകത്തിൽ പോലിസ് ഗൂഡാലോചന പ്രകടമാണ്.
രണ്ടു വർഷത്തിനുള്ളിൽ ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപത്തിനാലോളം പേർ നടപടി നേരിട്ടിട്ടും പോലിസ് സംവിധാനത്തിൽ യാതൊരു മാറ്റങ്ങളും പ്രകടമാവുന്നില്ല എന്ന് മാത്രമല്ല ഏറ്റവുമൊടുവിൽ വാരാപ്പുഴ കൊലപാതക കേസിൽ പ്രതിയായ പോലിസുകാരന് ജാമ്യം ലഭിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഒരു കൊലപാതക കേസിൽ ഇത്രയും പെട്ടെന്ന് ജാമ്യം കിട്ടുന്നത് തന്നെ അസാധാരണമാണ്. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ കെവിന്റെ കൊലപാതകത്തെ തുടർന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തത് വലിയ നേട്ടമായി പറയുന്ന പിണറായി സ്വയം പരിഹാസ്യനാവുകയാണ്.പോലിസ് സംവിധാനത്തിൽ നെറികേടുകൾ നിർമ്മിക്കുന്നതും സംരക്ഷിക്കുന്നതും ഈ സർക്കാർ തന്നെയാണ്.
അമ്പിയും റെമോ യുമോക്കെയായി മാറി മറിയുന്ന, മൾട്ടിപ്പിൾ പേർസണാലിറ്റി ഉള്ളവരാണ് ഡി വൈ എഫ് ഐ ക്കാരെന്ന തരത്തിലാണ് എം സ്വരാജിന്റെ പ്രതികരണം. 'റെസ് ജ്യൂഡിക്കേറ്റ് ' കാറ്റഗറിയിൽ ഉൾപ്പെടുത്തി ദുഭിമാനക്കൊലക്ക് നേതൃത്വം കൊടുത്ത ഡിവൈഎഫ്‌ഐ നേതാക്കൾ ബന്ധുക്കളെന്ന രീതിയിലാണ് കൊലയിൽ പങ്കെടുത്തതെന്നു തീർപ്പ് കല്പിച്ചു സ്വരാജ്. ഡി വൈ എഫ് ഐ യുടെ പ്രത്യായശാസ്ത്ര അല്പത്തരം എത്രയെന്ന് തുറന്നു സമ്മതിക്കുകയാണ് ഇത്തരം വാക്കുകൾ. ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചക്കെതിരെ ഒരു വാക്ക് മിണ്ടാതെ കൊലയാളികളുടെ ബ്ലഡ് ഗ്രൂപ്പ് നോക്കി വിശുദ്ധമെന്നും അശുദ്ധമെന്നും വേർതിരിക്കുന്ന പണി തങ്കു ബ്രദറിന്റെ അഭിനവ സഹചാരികൾക്ക് പറ്റിയത് തന്നെയെന്നും ഷാജി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.