അബുദാബി- കേരളത്തില്‍ ഭീതി പരത്തിയ നിപ്പാ വൈറസ് ലക്ഷണങ്ങളുമായി വരുന്നവരെ നിരീക്ഷിക്കാന്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും വിമാന കമ്പനികള്‍ക്കും യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
കേരളത്തില്‍ 14 പേരുടെ ജീവനെടുത്ത നിപ്പാ വൈറസില്‍നിന്ന് യു.എ.ഇയെ രക്ഷിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ വിമാന കമ്പനികള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും പുറമെ പ്രാദേശിക അധികൃതര്‍ക്കും സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്കും അയച്ചിട്ടുണ്ട്.
കേരളത്തില്‍നിന്ന് യു.എ.ഇയിലേക്ക് വരുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദുബായ് ആരോഗ്യ മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റഗുലേഷന്‍സ് ഡയരക്ടര്‍ ഡോ. ഫത് മ അല്‍ അത്താര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും നിപ്പാ വൈറസ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മറ്റുള്ളവരില്‍നിന്ന് മാറ്റി നിര്‍ത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പനി, ശ്വാസതടസ്സം, തലവേദന, മയക്കം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ കേരളത്തിലേക്ക് പോകരുതെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ യാത്ര മാറ്റിവെച്ചിരിക്കയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.