Sorry, you need to enable JavaScript to visit this website.

പാലക്കാട്ടെ ടയര്‍ കടയില്‍ അഗ്നിബാധ,  ഒരു കോടിയുടെ ടയറുകള്‍ കത്തിയെരിഞ്ഞു 

പാലക്കാട്-നഗരത്തില്‍ മാര്‍ക്കറ്റ് റോഡിലെ ടയര്‍ ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ നിയന്ത്രണവിധേയമാക്കി. പതിനേഴ് അഗ്‌നിശമന യൂണിറ്റുകള്‍ അഞ്ച്മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ അണച്ചത്.ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.  ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ടയറുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണ് ഉടമ പറയുന്നത്.
ടയര്‍ ഗോഡൗണിന് ഇന്നലെ രാത്രി പത്തുമണിയോടെയാണ് തീപിടിച്ചത്. സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ഗോഡൗണിന് പിന്നില്‍ നിന്ന് തീപടരുന്നത് ആദ്യം കണ്ടത്. ഇതിനിടെ തീ ഗോഡൗണിന് അകത്തേക്കും വ്യാപിച്ചിരുന്നു. വിവരമറിഞ്ഞ ഉടന്‍തന്നെ ജില്ലയിലെ ഭൂരിഭാഗം അഗ്‌നിശമനസേന യൂണിറ്റുകളില്‍ നിന്നും വാഹനങ്ങളെത്തി. ഇവര്‍ പരമാവധി ശ്രമിച്ചിട്ടും തീ അണയ്ക്കാന്‍ കഴിഞ്ഞില്ല. ഇത് കടുത്ത ആശങ്കയ്ക്കിടയാക്കി. ഇതോടെ സമീപത്തെ മറ്റുകടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അഗ്‌നിശമന സേന ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശ്രമത്തിലാണ് തീ അണച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഗോഡൗണിന് പിന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ചതാകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ടയര്‍ ഉള്‍പ്പടെ കത്തിയതിനെ തുടര്‍ന്നുണ്ടായ കടുത്ത പുക കിലോമീറ്ററുകള്‍ അപ്പുറേത്തക്കുവരെ പടര്‍ന്നിരുന്നു.
 

Latest News