കോഴിക്കോട് - നിപ്പാ വൈറസ് ബാധ ഉണ്ടാക്കിയ ആശങ്കാജനകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് എത്തുന്ന ഓസ്‌ട്രേലിയൻ മരുന്ന് പ്രയോഗത്തിലൂടെ ഇവിടെ നടക്കുന്നത് മറ്റൊരു മരുന്നു പരീക്ഷണമായിരിക്കും. എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളവും ഏതു സമയത്തും മരണം പ്രതീക്ഷിച്ചുകഴിയുന്ന രോഗികൾക്കും തങ്ങളുടെ അവസാന പ്രതീക്ഷകളിലൊന്നാണ് ഈ മരുന്നെന്നതിനാൽ ഈ മരുന്ന് ഉപയോഗിക്കുന്നതിനോട് പ്രതിഷേധമില്ല. ഇത്തരമൊരു സാഹചര്യത്തിലല്ലെങ്കിൽ ഈ മരുന്ന് ഉപയോഗിക്കുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുമായിരുന്നു. മരുന്നിന്റെ പൂർണമായ പരീക്ഷണം കഴിഞ്ഞിട്ടില്ലെന്നാണ് ഇന്നലെ മരുന്നിനെക്കുറിച്ച് വിശദീകരിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും പറഞ്ഞത്.
മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് സാധാരണ മരുന്ന് പുറത്തിറക്കുന്നത്. എന്നാൽ ഒന്നാംഘട്ട പരീക്ഷണവും മൃഗങ്ങളിൽ നടത്തിയ പരീക്ഷണവും പൂർത്തിയായതിനുശേഷം തന്നെ ഓസ്‌ട്രേലിയയിൽ നിന്നുള്ള മരുന്ന് കോഴിക്കോട്ടെ രോഗികളിൽ പരീക്ഷിക്കുകയാണ്. ഇവിടത്തെ പരീക്ഷണം വിജയിച്ചാൽ അത് മരുന്നു കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ വിജയവമാവും. വിപണിയിലിറങ്ങുവാൻ പോകുന്ന മരുന്നിന് ഏറെ സാധ്യതയുമാണ് ഉണ്ടാക്കുക.
ഹ്യൂമൻ മോണോക്ലോൺ ആന്റിബോഡി മോളിക്യൂളിൽ നിന്നുണ്ടാക്കുന്നതാണ് എം 102.4 എന്ന ഈ മരുന്ന്. ആദ്യമായി അമേരിക്കൻ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, യൂനിഫോംഡ് സർവീസ് യൂനിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ്, പ്രൊഫിക്റ്റസ് ബയോ സയൻസസ്, കാറ്റലന്റ് ഫാർമ സൊലൂഷൻസ് ജിപെക്‌സ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. പരീക്ഷണടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയയിൽ ഇതു വികസിപ്പിച്ചത്. വരും ദിവസങ്ങളിൽ മരുന്നിന്റെ 50 ട്രിപ്പുകളാണ് എത്തിക്കുന്നത്. മരുന്നിന്റെ പൂർണ്ണമായ പരീക്ഷണം കഴിഞ്ഞിട്ടില്ല. എന്നാൽ ഓസ്‌ട്രേലിയയിൽ ഈ രോഗം ബാധിച്ച 14 പേർക്ക് നൽകുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഓസ്‌ട്രേലിയൻ സർക്കാരിനോട് കേന്ദ്ര സർക്കാർ മുഖേന ബന്ധപ്പെട്ടാണ് മരുന്നെത്തിക്കുന്നത്. മരുന്നിന് നിലവിൽ ലൈസൻസില്ലെങ്കിലും അത് ഉപയോഗിക്കാനുള്ള അനുമതി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിസിനൽ റിസർച്ച് അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ മരുന്ന് നൽകുന്നതിന് വേണ്ടി ആരോഗ്യ വിദഗ്ധരുടെ സഹായം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.