Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിയുടെ ചികിത്സയും ചില അപശബ്ദങ്ങളും

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ആരോഗ്യ രംഗത്തും വൈവിധ്യമാർന്ന  കാഴ്ചപ്പാടുകളോട് സംവദിക്കുന്ന ഒരു നിലപാടാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്. വൈദ്യശാസ്ത്രങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കൽ വാങ്ങലുകളും അനിവാര്യമാണ്. അത് ഒരുപക്ഷേ, കൂടുതൽ സമഗ്രമായ സാകല്യാത്മകമായ ചികിത്സ സമ്പ്രദായം രൂപപ്പെടുത്തിയേക്കും. ദൗർഭാഗ്യവശാൽ അത്തരം ശബ്ദങ്ങളല്ല, ഉമ്മൻ ചാണ്ടിയുടെ രോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്ന പോലെയുള്ള വെറുപ്പിന്റെ സ്വരമാണ് വ്യാപകമാകുന്നത്. 

 

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസ്ഥാനത്ത് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. കാൻസർ രോഗം ബാധിച്ച അദ്ദേഹത്തിനു ചികിത്സ നിഷേധിക്കുന്നു എന്ന രീതിയിലാണ് തുടക്കത്തിൽ ആരോപണങ്ങൾ വന്നത്. എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹവും കുടുംബവും പാർട്ടി നേതാക്കളുമെല്ലാം വ്യക്തമാക്കി. ഈ വിഷയത്തിൽ രണ്ടു ദിവസം മുമ്പു പോലും ഉമ്മൻ ചാണ്ടി വിശദമായ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. അതിൽ താൻ നടത്തിയ ചികിത്സയുടെ വിശദീകരണങ്ങളുണ്ട്. അതിൽ ഇന്ത്യക്കു പുറത്തും കേരളത്തിനു പുറത്തുമുള്ള പ്രശസ്ത ആശുപത്രികളിൽ നടത്തിയ ചികിത്സകളുടെ വിശദാംശങ്ങളുണ്ട്. പിന്നീട് മോഡേൺ ചികിത്സ നൽകുന്നില്ല എന്നായി വിമർശനം. അതും ശരിയല്ല എന്നു വ്യക്തമായിട്ടുണ്ടെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് ഖേദകരം. 

മോഡേൺ എന്നു അതിന്റെ വക്താക്കൾ വിശേഷിപ്പിക്കുന്ന ചികിത്സ രീതിക്കൊപ്പം ആയുഷ് വിഭാഗത്തിൽ പെടുന്ന ചികിത്സ രീതികളും ഉമ്മൻ ചാണ്ടി സ്വീകരിക്കുന്നു എന്നതായിരിക്കാം അലോപ്പതി മൗലികവാദികൾ എന്നു വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഉമ്മൻ ചാണ്ടിയും വി.എസ്. അച്യുതാനന്ദനുമൊക്കെ ജീവിതത്തിൽ ഏറെയും സ്വീകരിച്ചിട്ടുള്ളത് അത്തരം ചികിത്സ രീതികളാണെന്നതാണ് വസ്തുത. ഒരുപക്ഷേ അതായിരിക്കാം അവരുടെ അസൂയാവഹമായ ആരോഗ്യത്തിന്റെ രഹസ്യം. പക്ഷേ ഇപ്പോൾ പ്രായാധിക്യമായിരിക്കുന്നു എന്നതുപോലും പരിഗണിക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതും അലോപ്പതി മാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്ന വസ്തുതാവിരുദ്ധമായ ആരോപണമുന്നയിക്കുന്നതും. അലോപ്പതി ചികിത്സയാണെങ്കിൽ രോഗം മൂർഛിക്കില്ല എന്നാണോ ഇവർ പറയുന്നത്? എങ്കിൽ അലോപ്പതി  കൃത്യമായി പിന്തുടർന്നിരുന്ന, അമേരിക്കയിൽ ചികിത്സ നടത്തിയ,  ഉമ്മൻ ചാണ്ടിയേക്കാൾ പ്രായക്കുറവുള്ള കോടിയേരി ബാലകൃഷ്ണൻ മരണത്തിനു കീഴടങ്ങില്ലായിരുന്നല്ലോ? കേരളത്തിൽ ഇപ്പോഴും ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന രോഗം കാൻസറാണെന്നു വ്യക്തമാണല്ലോ. അവരിൽ മഹാഭൂരിപക്ഷവും സീകരിക്കുന്നത് അലോപ്പതി ചികിത്സയല്ലാതെ മറ്റെന്താണ്? പൊതുവിൽ പറഞ്ഞാൽ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ പല ചികിത്സ രീതികളിലൂടെയും കാൻസർ ഭേദമാക്കാം, എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ അതെളുപ്പമല്ല എന്നതല്ലേ വാസ്തവം? അതേസമയം തങ്ങൾ നിർദേശിക്കുന്ന ജീവിത ശൈലികൾ പിന്തുടരുകയാണെങ്കിൽ കാൻസറടക്കമുള്ള ജീവിതശൈലീ രേഗങ്ങൾ പിടികൂടാനുള്ള സാധ്യത കുറയുമെന്ന് ആയുഷ് ഡോക്ടമാർ അവകാശപ്പെടുന്നുമുണ്ട്.

സത്യത്തിൽ ഇവരുടെ പ്രശ്‌നം ഉമ്മൻ ചാണ്ടിയോ അദ്ദേഹത്തിന്റെ ജീവനോ അല്ല. മറിച്ച് മറ്റു ചികിത്സ രീതികളോടുള്ള വെറുപ്പാണ്. ഇന്ത്യൻ സർക്കാർ അംഗീകരിച്ചിരിക്കുന്ന, അലോപ്പതിയെ പോലെ തന്നെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ഡോക്ടർമാരും ജീവനക്കാരുമൊക്കെയുള്ള, കോടികൾ ചെലവഴിക്കുന്ന ആയുഷ് ചികിത്സ രീതികളെ മന്ത്രവാദവും പ്രാർത്ഥനയുമൊക്കെയായി ചിത്രീകരിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. സമീപകാലത്താകട്ടെ ആയുഷ് നിർദേശിക്കുന്ന ജീവിതശൈലി സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചത് ഇവരുടെ അക്രമവും വർധിക്കാൻ കാരണമായിട്ടുണ്ട്. അതിനെല്ലാം പിറകിലുള്ളത് ആരോഗ്യ രംഗത്തെ അടക്കി വാഴുന്ന സാമ്പത്തിക ശക്തികളാണെന്നതും മനസ്സിലാക്കാൻ സാമാന്യ ബുദ്ധി ധാരാളമാണ്. അവരുടെ ഏറ്റവും വലിയ കമ്പോളം കേരളമാണല്ലോ. നല്ല ഭക്ഷണം കൊണ്ടും നല്ല വ്യായാമം കൊണ്ടും നല്ല വായു കൊണ്ടും സൂര്യപ്രകാശം കൊണ്ടും പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കുമെന്ന ഇവരുടെ നിലപാടുകൾ പ്രചരിക്കപ്പെടുന്നത് തങ്ങളുടെ നിലനിൽപിനെ ബാധിക്കുമെന്നവർ തിരിച്ചറിയുന്നു എന്നർത്ഥം. ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെ കാൻസർ പോലുള്ള രോഗങ്ങൾ വരുന്നത് ഒരു പരിധി വരെയെങ്കിലും തടയാനാകുമെന്നു പറഞ്ഞ നടൻ ശ്രീനിവാസനും അധിക്ഷേപിക്കപ്പെട്ടത് മറക്കാറായിട്ടില്ലല്ലോ. 

പ്രശസ്ത കവിയും എഴുത്തുകാരനുമായ കൽപറ്റ നാരായണൻ ചൂണ്ടിക്കാട്ടുന്ന പോലെ മനുഷ്യ ജീവിതത്തിന്റെ എല്ലാ സ്വാശ്രിത ഇടങ്ങളിലും രക്ഷകന്റെ ഭാവം ചമഞ്ഞ് സ്റ്റേറ്റ് ഇടപെടുന്നതിന്റെ / ശരീരത്തെ കീഴ്പ്പെടുത്തുന്നതിന്റെ ഉത്തമ മാധ്യമമാണ് മിക്കപ്പോഴും ആധുനിക അലോപ്പതി വൈദ്യശാസ്ത്രം. അതുകൊണ്ടാണ് അതിന് മറ്റെല്ലാറ്റിനും മേൽ സ്റ്റേറ്റിന്റെ പരിലാളന കിട്ടുന്നത്, അതിനനുസൃതമായി പൊതുബോധവും രൂപപ്പെടുന്നത്. കോവിഡിനു എവിടെയും മരുന്നില്ല എന്നു വ്യക്തമായിട്ടും അക്കാലത്ത്  മറ്റു വൈദ്യശാസ്ത്രങ്ങൾക്കെതിരായ പ്രചാരണം രൂക്ഷമായത് നാമെല്ലാം കണ്ടതാണല്ലോ.  

സാധ്യമായ എല്ലാ ചികിത്സ ശാഖകളും ഒരു നാട്ടിൽ നിലനിൽക്കണമെന്ന നിലപാടാണ് ശരി.  വ്യാജന്മാർ ഏതു മേഖലയിലായാലും തുറന്നുകാണിക്കപ്പെടുക തന്നെ വേണം. സ്വാഭാവികമായും പ്രായോഗികമായി സർക്കാർ അംഗീകാരമുള്ള ചികിത്സ രീതി എന്ന മാനദണ്ഡം സ്വീകരിക്കേണ്ടിവരും. ചികിൽസ വ്യാജവും സക്കാർ അംഗീകാരമില്ലാത്തതുമാണെന്ന് ബോധ്യപ്പെട്ടാൽ അവയെ എത്രയും വേഗം പൂട്ടിക്കെട്ടണം. അതേസമയം  'ശാസ്ത്ര വിരുദ്ധത' എന്നും 'അന്ധവിശ്വാസത്തിന്റെ വക്താക്കൾ' എന്നും തെളിവില്ല എന്നുമൊക്കെ  പറഞ്ഞ് മറ്റെല്ലാ വൈദ്യശാഖകളെയും അക്രമിക്കുന്ന ഒരു വിഭാഗം മുകളിൽ പറഞ്ഞ സാമ്പത്തിക ശക്തികൾക്ക് ആശയാടിത്തറയുണ്ടാക്കാൻ സജീവമായി രംഗത്തുണ്ട്. കേവല യുക്തി എന്ന അന്ധവിശ്വാസമാണ് അവരെ നയിക്കുന്നത്. 
രോഗിക്കും വൈദ്യനുമിടയിൽ ഭീകരമായി തഴച്ചുവളരുന്ന രോഗ നിർണയോപാധികളുടെ സാമ്രാജ്യമാണ് ചികിത്സ രംഗത്തെ ചൂഷണത്തെ തീവ്രതരമാക്കുന്നത്. രോഗം സംശയിക്കപ്പെടുന്നവരുടെ രോഗനിർണയം കൃത്യമാക്കുക എന്നതിനേക്കാൾ രോഗഭീതിയിൽ കഴിയുന്നവരുടെ ഉൽക്കണ്ഠയെ പരമാവധി ചൂഷണം ചെയ്യാനാണത് ഉപയോഗപ്പെടുത്തുന്നത്. രോഗികളല്ലാത്തവരെ കൂടി ചികിത്സ മേഖലയുടെ ഉപഭോക്തൃ ശൃംഖലയിലേക്ക് വശീകരിക്കാൻ കഴിയുന്നു എന്നതാണ് ഈ മേഖലയുടെ ഭീകരമായ വളർച്ചക്ക് കാരണം. ഇൻഷുറൻസ് കമ്പനികളും ഇതിൽ പങ്കുവഹിക്കുന്നു. ആരോഗ്യ രംഗത്തെ ഇത്തരം ദുഷ്പ്രവണതകളുടെ മുഖ്യ പങ്കാളിത്തം വഹിക്കുന്നത് കൊട്ടിഘോഷിക്കുന്ന ആധുനിക വൈദ്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് ബദൽ വൈദ്യശാഖകളുടെ വാദഗതികൾ ശ്രവിക്കുന്നവരുടെ എണ്ണം കൂടിവരുന്നത്.  രോഗങ്ങളെയും രോഗസാധ്യതകളെയും  അത്യന്തം സങ്കീർണവും സാങ്കേതിക ജടിലവുമായി അവതരിപ്പിച്ച് ഭീതി പരത്തുന്നിടത്ത്, ആഹാര നീഹാരാദികളുടെ ക്രമീകരണം കൊണ്ടും നിയന്ത്രണം കൊണ്ടും ലളിതമായ ചില ചികിത്സ വിധികൾ കൊണ്ടും നേരിടാമെന്നു കേൾക്കുമ്പോൾ അത് ജനങ്ങൾക്ക് ആകർഷകമായി തോന്നുന്നത് സ്വാഭാവികമാണ്. അത് തകർക്കാനാണ് നീക്കം.  അതിനായി 'ശാസ്ത്രീയത' എന്ന ആയുധം തലങ്ങും വിലങ്ങും വീശി, മറ്റൊരു ചിന്തയെ, മറ്റൊരു കാഴ്ചപ്പാടിനെ കടക്കാനനുവദിക്കാതെ ആരോഗ്യ രംഗം അടക്കി വാഴാനാണവർ ശ്രമിക്കുന്നത്. 

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ആരോഗ്യ രംഗത്തും വൈവിധ്യമാർന്ന  കാഴ്ചപ്പാടുകളോട് സംവദിക്കുന്ന ഒരു നിലപാടാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്. വൈദ്യശാസ്ത്രങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കൽ വാങ്ങലുകളും അനിവാര്യമാണ്. അത് ഒരുപക്ഷേ, കൂടുതൽ സമഗ്രമായ സാകല്യാത്മകമായ ചികിത്സ സമ്പ്രദായം രൂപപ്പെടുത്തിയേക്കും. ദൗർഭാഗ്യവശാൽ അത്തരം ശബ്ദങ്ങളല്ല, ഉമ്മൻ ചാണ്ടിയുടെ രോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്ന പോലെയുള്ള വെറുപ്പിന്റെ സ്വരമാണ് വ്യാപകമാകുന്നത്. അതൊരിക്കലും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകില്ല. 

Latest News