തിരുവനന്തപുരം- പശുക്കുട്ടിയെ ആലിംഗനം ചെയ്ത് മൃഗപരിപാലന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ വിദ്വേഷ പ്രചാരണവുമായി ഒരുവിഭാഗം രംഗത്ത്. വാലന്റൈൻ ഡേക്ക് പശുക്കളെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ സർക്കുലറിനെ തുടർന്നാണ് മന്ത്രി ഇത്തരത്തിൽ ചിത്രം പോസ്റ്റു ചെയ്തത് എന്ന് ആരോപിച്ചാണ് ഒരുവിഭാഗം രംഗത്തെത്തിയത്. അതേസമയം, ബജറ്റുമായി ബന്ധപ്പെട്ട് അതാത് വകുപ്പിലെ മന്ത്രിമാരെ ചേർത്ത് ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ച ചിത്രമാണിത്. ഈ ചിത്രം മന്ത്രി തന്റെ ഫെയ്‌സ്ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ചിലർ രംഗത്തെത്തി. മന്ത്രിയെ അനുകൂലിച്ചും ചിത്രത്തിന്റെ വാസ്തവം രേഖപ്പെടുത്തിയും ചിലർ രംഗത്തെത്തി.
ശ്രീജിത്ത് ദിവാകരൻ എഴുതിയ പോസ്റ്റ് വായിക്കാം.
കേരളത്തിൽ മൃഗപരിപാലത്തിന്റേയും ഡയറി ഡവലപ്മെന്റിന്റേയും ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ പടവ് എന്ന പേരിൽ സംസ്ഥാന ക്ഷീര സംഗമം സംഘടിപ്പിക്കുന്നു. അതിന്റെ ലോഗോ തന്നെ ഒരു പശുവാണ്. മണ്ണുത്തി വെറ്റിനറി കോളേജിൽ ഫെബ്രുവരി പത്തു മുതൽ പതിനഞ്ച് വരെയാണ് പരിപാടി. അതിന്റെ കാമ്പയിൻ നടക്കുന്നുണ്ട്. സ്വാഭാവികമായും മന്ത്രിയുടെ ഫേസ് ബുക്ക് പേജിലും അതിന്റെ ചിത്രങ്ങളും പ്രചരണവുമുണ്ട്. മന്ത്രി ഇന്നലെ രാവിലെ എട്ടുമണിക്കോ മറ്റോ ഒരു പശുക്കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചർ ആയി ഇടുന്നു. മൃഗപരിപാനത്തിന്റെ ചുമതലയുള്ള മന്ത്രിയാണ്, ക്ഷീര സംഗമത്തിന്റെ പ്രചാരണവുമാണ്.
ആ ഫോട്ടോ കണ്ടിട്ട് കേന്ദ്രസർക്കാരിന്റെ പശുഹഗിനെ അവർ പിന്തുണയ്ക്കുകയാണ് എന്ന് പ്രചരിപ്പിക്കുന്നതിൽ അതിഭയങ്കരമായ നീതി കേടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പശുഹഗ് വാർത്തകൾ തന്നെ വന്നു തുടങ്ങിയത്. അതിന് മുമ്പേ ആ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. പടവ് എന്ന പ്രോഗ്രാമിന്റെ കാമ്പയിന്റെ ഭാഗമാണത് എന്ന് സാമാന്യബോധമുള്ളവർക്ക് മനസിലാകും, അവരുടെ സാരി കാവിയാണെന്നൊക്കെ പറയുന്നത് ശുദ്ധ തോന്ന്യവാസമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് തവണയെങ്കിലും ഇതിന് മുമ്പ് ഇതേ സാരിയുടുത്ത് അവർ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന പടങ്ങൾ ഫേസ് ബുക്കിൽ തന്നെ കാണാം. ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് അഞ്ച് മിനുട്ട് പരിശോധിച്ചാൽ മനസിലാക്കാവുന്ന കാര്യമാണ്.
നമ്മളെന്താണ് ചെയ്യുന്നത്? എന്തൊക്കെയാണ് ചർച്ച ചെയ്യുന്നത്? 140 കോടി ജനങ്ങളേയും ഒരു രാജ്യത്തേയും അതിന്റെ ചരിത്രത്തേതയും ഭരണഘടനയേയും സ്വാതന്ത്ര്യത്തേയും സംഘപരിവാർ ഇല്ലാതാക്കുമ്പോൾ, അതിനെ എതിർക്കുന്നുവെന്ന് പറയുന്ന മനുഷ്യർ പരസ്പരം ആക്രമിച്ചില്ലാതാക്കാൻ നടത്തുന്ന വെപ്രാളം കണ്ടാൽ പേടിയാകും. ആരോ പറഞ്ഞത് പോലെ ഹോളോകോസ്റ്റ് ക്യാമ്പിലേയ്ക്ക് കൊണ്ടുപോകുന്ന ബസിന്റെ സൈഡ് സീറ്റിന് വേണ്ടി പരസ്പരം പോരടിക്കുന്ന അബ്‌സേർഡിറ്റിയാണിത്.