മക്ക- വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം 2030 ഓടെ അഞ്ചിരട്ടിയായി ഉയർത്തുന്നതിനാണ് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിൻതൻ പറഞ്ഞു.
ഈ വർഷം ഉംറ തീർഥാടകരുടെ എണ്ണം 61.5 ലക്ഷമായി ഉയർന്നിട്ടുണ്ട്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഹജ്, ഉംറ മേഖല വികസിപ്പിക്കുന്നതിന് ഏതാനും പദ്ധതികൾ നടപ്പാക്കി വരികയാണ്. മക്ക, മദീന നിർമിത ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിന് 17.5 കോടി റിയാൽ ചെലവഴിച്ച് പ്രത്യേക വാണിജ്യ കേന്ദ്രം നിർമിച്ചു വരികയാണ്. സ്മരണികകൾ, അത്തറുകൾ, പ്രാദേശിക ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് വാണിജ്യ കേന്ദ്രത്തിൽ വിൽക്കുക. 2030 ഓടെ പ്രതിവർഷം മൂന്നു കോടി സന്ദർശകരെയാണ് വാണിജ്യ കേന്ദ്രം ലക്ഷ്യമിടുന്നത്.
മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങൾ നവീകരിക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന് 42.5 കോടിയാണ് ചെലവ് കണക്കാക്കുന്നത്. നാലു പ്രധാന ചരിത്ര കേന്ദ്രങ്ങളുടെ നവീകരണ പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സ്വകാര്യ മേഖലക്ക് അവസരമുണ്ട്. ഉഹ്ദിലെ ജബലു റുമാത്ത്, മക്കയിലെ ജബലുന്നൂർ, സൗർ ഗുഹ, ഉർവ ബിൻ അൽ സുബൈർ കൊട്ടാരം എന്നിവയാണിവ.
മക്ക ഗെയ്റ്റ് ഏരിയ പദ്ധതി നടപ്പാക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന് 7.7 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഹജ്, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും സുഗമമായ നീക്കം ഉറപ്പു വരുത്തുന്നതിനുള്ള പാർക്കിംഗ് പദ്ധതി അടങ്ങിയതാണ് മക്ക ഗെയ്റ്റ് ഏരിയ പദ്ധതി. മദീന സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതിന് 5.8 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. മക്കയുടെ ഹൃദയഭാഗത്താണ് മദീന സ്റ്റേഷൻ നിർമിക്കുക.
മുസ്ദലിഫയിൽ ഒമ്പതു കോടി റിയാൽ ചെലവിൽ ഫുഡ്സ്റ്റഫ് ഫാക്ടറി നിർമിക്കുന്നതിനും പദ്ധതിയുണ്ട്. ബലി കർമം നിർവഹിക്കുന്ന കശാപ്പു ശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ഫാക്ടറി സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിന് എട്ടു കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. പുണ്യ സ്ഥലങ്ങളിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തീർഥാടകർ ഇഹ്‌റാമിൽ പ്രവേശിക്കുന്ന മീഖാത്തുകൾ വികസിപ്പിക്കുന്നതിനും മറ്റു രണ്ടു പദ്ധതികളും നടപ്പാക്കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിൻതൻ പറഞ്ഞു.