കല്‍പറ്റ-വയനാട് അമ്പലവയല്‍ പൊന്‍മുടിക്കോട്ടയ്ക്കു സമീപം സ്വകാര്യ തോട്ടത്തില്‍ കടുവയെ കഴുത്തില്‍ കുരുക്കുമുറുകി ചത്ത നിലയില്‍ കണ്ട കേസില്‍ മൊഴിയെടുക്കുന്നതിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ഹരികുമാറിനെയാണ്(56) ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ഒന്നര വയസുള്ള കടുവ സ്വകാര്യതോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത് ഹരികുമാറാണ്. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഹരികുമാറെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഹരികുമാറിനെ മൊഴിയെടുക്കന്നുന്നതിനു റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ഒരു തവണ വീടിനു സമീപത്തുവച്ച് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.