മദീന- മകളുടെ ഒരു ട്വീറ്റ് കാരണം മദീനയിലെ ഏറ്റവും പ്രശസ്തനായ മിസ്‌വാക് കച്ചവടക്കാരനായി മാറിയതിന്റെ നിർവൃതിയിലാണ് സൗദി പൗരൻ മുഹമ്മദ് അലി ഹംദി. അഞ്ചു മാസമായി മസ്ജിദുന്നബവിക്കു സമീപം മിസ്‌വാക് കച്ചവടം ചെയ്തുവരുന്ന മുഹമ്മദിനെ, സർക്കാർ സ്‌കോളർഷിപ്പോടെ കാനഡയിൽ ഉപരിപഠനം നടത്തുന്ന മകൾ അംജാദിന്റെ ട്വീറ്റാണ് ഒരു സുപ്രഭാതത്തിൽ പ്രശസ്തനാക്കി മാറ്റിയത്.
ട്വിറ്ററിൽ വെറും 200 ഫോളോവേഴ്‌സ് മാത്രമാണ് അംജാദിനുള്ളത്. മസ്ജിദുന്നബവിക്കു സമീപത്തെ പിതാവിന്റെ സ്റ്റാളിൽ നിന്ന് മിസ്‌വാക് വാങ്ങി പിതാവിന്റെ മനസ്സിൽ ആഹ്ലാദവും സന്തോഷവും നിറക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശമാണ് അംജാദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് വൈറലായി. മണിക്കൂറുകൾക്കകം 27,000 റീട്വീറ്റുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്.
സൈനിക സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വകാര്യ മേഖലയിൽ ജോലി നേടുന്നതിനാണ് താൻ ശ്രമിച്ചതെന്ന് മുഹമ്മദ് അലി പറഞ്ഞു. കാൻസർ രോഗിയായ ഭാര്യയുമായി ഇടക്കിടെ ആശുപത്രികളിൽ പോകേണ്ടതിനാൽ സ്വകാര്യ മേഖലയിലെ ജോലിക്ക് കൃത്യമായി ഹാജരാകാൻ കഴിയില്ല എന്ന കാര്യം കണക്കിലെടുത്താണ് അഞ്ചു മക്കൾ അടങ്ങിയ കുടുംബത്തെ പോറ്റുന്നതിന് അധിക വരുമാനമുണ്ടാക്കുന്നതിനായി മസ്ജിദുന്നബവിക്കു സമീപം മിസ്‌വാക് കച്ചവടം ആരംഭിച്ചത്. ദിവസേന പതിനെട്ടു മണിക്കൂർ വരെ സ്റ്റാളിൽ ജോലി ചെയ്യാറുണ്ട്. ദിവസങ്ങൾക്കു മുമ്പ് രാത്രിയിൽ സ്റ്റാൾ അടച്ച് വീട്ടിൽ തിരിച്ചെത്തിയ ശേഷം മാത്രമാണ് തന്നെ സഹായിക്കുന്നതിന് ആഗ്രഹിച്ചുള്ള മകളുടെ ട്വീറ്റ് വൈറലായ കാര്യം അറിഞ്ഞത്. മകളുടെ ട്വീറ്റ് വൈറലായ ശേഷം നിരവധി വ്യവസായികളും വൻകിട കമ്പനികളും തനിക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താൻ അവയെല്ലാം നിരസിച്ചു. തന്നെക്കാൾ സഹായത്തിന് അർഹരായവരുണ്ടാകും. തന്റെ മനസ്സിൽ സന്തോഷമുണ്ടാക്കുന്നതിന് ആഗ്രഹിക്കുന്നവർ തന്റെ സ്റ്റാളിൽ നിന്ന് ഒരു മിസ്‌വാക് വാങ്ങിയാൽ മതിയെന്നും മുഹമ്മദ് അലി പറഞ്ഞു.