റിയാദ്- പെപ്‌സി കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനം ദുബായില്‍നിന്ന് റിയാദിലേക്ക് മാറ്റുന്നു. പെപ്‌സികോ സീനിയര്‍ ലീഡര്‍ഷിപ്പ് ടീം സൗദി അറേബ്യയിലേക്ക് മാറിത്തുടങ്ങിയതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2021 ല്‍ സൗദി സര്‍ക്കാര്‍ വിദേശ ബിസിനസ് കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റാനുള്ള പ്രോത്സാഹനം നല്‍കിത്തുടങ്ങിയതോടെ നിരവധി കമ്പനികള്‍ സൗദിയില്‍ എത്തിയിരുന്നു. ഇതിലെ ഏറ്റവും പുതിയ കമ്പനിയാണ് പെപ്‌സികോ.
പെപ്‌സികോ സി.ഇ.ഒ ആമര്‍ ഷെയ്ഖ് കഴിഞ്ഞ മാസം ദുബായില്‍നിന്ന് റിയാദിലേക്ക് താമസം മാറ്റി. മറ്റ് ജീവനക്കാരും ഇത് പിന്തുടരുമെന്ന് പറഞ്ഞു. സൗദിയുടെ ഭാഗമാകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സൗദിയില്‍ നിങ്ങള്‍ കാണുന്ന പരിവര്‍ത്തനത്തില്‍ ഞങ്ങളുടെ പങ്കാളിത്തവും ഉണ്ടാകും.
പുതിയ ആസ്ഥാനം എപ്പോള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം കൃത്യമായ തീയതി നല്‍കിയില്ല. എന്നാല്‍ വൈകാതെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രാദേശിക ആസ്ഥാനം ഇല്ലാത്ത ബിസിനസുകള്‍ക്ക് കരാര്‍ നല്‍കില്ലെന്ന് 2021 ല്‍ സൗദി പ്രഖ്യാപിച്ചിരുന്നു. 2024 മുതല്‍ ഇത് പ്രാബല്യത്തിലാകും. 2021 ഒക്ടോബറിലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് (എഫ്‌ഐഐ) ഫോറത്തില്‍, മറ്റ് 43 കമ്പനികള്‍ക്കൊപ്പം പെപ്‌സികോക്കും അതിന്റെ റീജനല്‍ ഹെഡ് ഓഫീസ് രാജ്യത്ത് സ്ഥാപിക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നു.