തിരുനാവായ- മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വിളംബരമായി മാഘ മാസത്തിലെ മകം നാളിൽ തിരുനാവായ നിളാ തീരത്ത് ഇന്നലെ ഭദ്രദീപം തെളിഞ്ഞു. ഏപ്രിൽ അവസാന വാരം നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേള, സംസ്ഥാനതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ചരിത്ര സെമിനാർ, സാംസ്കാരിക സമ്മേളനം പൈതൃക സ്മാരക സംരക്ഷണം തുടങ്ങിയ വിവിധ പരിപാടികളോടെ വിപുലമായ മാമാങ്ക മഹോത്സവത്തിനാണ് ഇന്നലെ വിളംബരം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ സാന്നിധ്യത്തിൽ തിരുനാവായ നവാമുകുന്ദ ക്ഷേത്രം മാനേജർ പരമേശ്വരൻ, പ്രമുഖ ഗാന്ധിയനും മുൻ എം.പിയുമായ സി.ഹരിദാസ് എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി. പൊന്നാനി നെയ്തെല്ലൂർ ബിസ്മില്ല കളരി സംഘത്തിലെ കളരിയഭ്യാസികളുടെ അങ്കച്ചുവടുകൾക്കൊപ്പം ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പരിപാടിക്ക് സാക്ഷികളായി. തിരുനാവായ ഗ്രാമപഞ്ചായത്തിന്റെയും മലപ്പുറം ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് നേരിട്ട് ഈ വർഷത്തെ മാമാങ്ക മഹോത്സവം ഏറ്റെടുക്കുന്നത്.
മാമാങ്ക മഹോത്സവം ദേശീയ പൈതൃകോൽസവ കലണ്ടറിൽ ഉൾപ്പെടുത്തുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുമൊപ്പം മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് മഹോത്സവം.
ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായ മാമാങ്കം മത സൗഹർദത്തിന് പേരു കേട്ട ഉത്സവം കൂടിയായിരുന്നു. ദീപം തെളിച്ച ശേഷം മാമാങ്ക സ്മരണകൾ ഉറങ്ങുന്ന തിരുനാവായ കടവിലെ കൂരിയാൽ തറയോട് ചേർന്ന ദേവസ്വം ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സദസ്സിൽ മാമാങ്ക മഹോത്സവത്തിനുള്ള വിപുലമായ പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. പ്രമുഖർ പങ്കെടുത്തു.