കോട്ടയം - പ്രണയ വിവാഹത്തിന്റെ പിറ്റേന്ന് തന്നെ കെവിൻ പ്രതികാരത്തിനിരയായി. മാന്നാനത്തുളള കോളജിലെ ബിരുദവിദ്യാർഥിനിയായ കൊല്ലം സ്വദേശിനി കോളജിൽ ഇലക്ട്രിക്കൽ ജോലികൾക്കായി എത്തിയ കെവിനുമായി പ്രണയത്തിലാവുകയായിരുന്നു. കൊല്ലത്തെ സമ്പന്ന കുടുംബാംഗമായ പെൺകുട്ടിയുടെ ബന്ധം വീട്ടുകാർ പ്രോൽസാഹിപ്പിച്ചില്ല. ഇതോടെയാണ് പെൺകുട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ ഇരുവരും തീരുമാനിച്ചത്. കത്തോലിക്കാ സമുദായംഗമാണ് പെൺകുട്ടിയുടെ പിതാവ്. അമ്മ മുസ്‌ലിം സമുദായവും. ഇരുവരും അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒരു ആരാധനാലയങ്ങളിലും പോയില്ല. അടുത്തയിടെയായി പെന്തക്കോസ്റ്റ് സഭകളുടെ പ്രാർഥനക്ക് പോകുമായിരുന്നു. മകളെ തീർത്തും സ്വതന്ത്രമായ വിശ്വാസത്തിലാണ് വളർത്തിയത്.
മകൾ പ്രണയത്തിലായെന്നറിഞ്ഞതോടെ വീട്ടുകാർ എതിർത്തു. ഇനി കോട്ടത്ത് പഠിപ്പിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇരുവരും ശനിയാഴ്ച്ച വിവാഹിതരായത്. ഒരുമിച്ചു താമസിച്ചാൽ ആപത്താണെന്ന് കരുതി ഇരുവരും രണ്ടു സ്ഥലങ്ങളിലാണ് അന്നും തങ്ങിയത്. കെവിൻ ബന്ധുവിന്റെ വീട്ടിലായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഇരുവരെയും ഗാന്ധിനഗർ പോലീസ് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ, പെൺകുട്ടി കെവിനൊപ്പം പോയി. കെവിനും ബന്ധു അനീഷും ചേർന്ന് പെൺകുട്ടിയെ നഗരത്തിലെ ഒരു ഹോസ്റ്റലിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെ ശനിയാഴ്ച രാവിലെ പെൺകുട്ടിയുടെ അമ്മയും ബന്ധുവും, കെവിന്റെ വീട്ടിലെത്തി. എന്നാൽ ഇവരെ കാണാനും പെൺകുട്ടി തയ്യാറായില്ല.
ഇതിനിടെയാണ് ഞായറാഴ്ച പുലർച്ചെ മൂന്നു വാഹനങ്ങളിലായി എത്തിയ ക്വട്ടേഷൻ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. മാന്നാനം പള്ളിത്താഴത്തെ വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറിയ സംഘം കഴുത്തിൽ വടിവാൾ വച്ച് ഇരുവരെയും ഭീഷണിപ്പെടുത്തിയാണ് വാഹനത്തിൽ കയറ്റിയത്. മൂന്നു വാഹനങ്ങളിലായെത്തിയ പന്ത്രണ്ടംഗ സംഘം വീട് പൂർണമായും അടിച്ചു തകർക്കുകയും ചെയ്തു. ഇവിടെ നിന്നും ഇരുവരെയുമായി ക്വട്ടേഷൻ സംഘം നേരെ തെന്മലയിലേക്ക് പോയി. യാത്രയ്ക്കിടെ ക്രൂരമായി മർദിക്കുകയും ചെയ്തു. തെന്മല എത്തിയതോടെ ഛർദിക്കാൻ തോന്നുന്നതായി അനീഷ് അറിയിച്ചതോടെ സംഘം വണ്ടി നിർത്തി. കെവിൻ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടെന്ന് അറിയിച്ച സംഘം, അനീഷിനോടു മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്നു സംഘത്തിന്റെ തന്നെ ഇന്നോവ കാറിൽ സംക്രാന്തി ജംഗ്ഷനിൽ അനീഷിനെ ഇറക്കി വിട്ടു. ഇതിനിടെ അനീഷിനെയും, കെവിനെയും കാണാനില്ലെന്നു ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതിയും നൽകിയിരുന്നു. ക്വട്ടേഷൻ സംഘം ആക്രമിച്ച പരിക്കുകളുമായി പോലീസ് സ്റ്റേഷനിൽ ഹാജരായ അനീഷിനെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. പ്രണയ സാഫല്യത്തിന്റെ രാത്രി തന്നെ കെവിൻ ഈ ലോകത്തോട് യാത്രപറഞ്ഞു. ദലിത്‌ക്രൈസ്തവ കുടുംബാംഗമാണ് കെവിൻ.
അതേസമയം സസ്‌പെൻഷനിലായ എസ്.ഐ ഉൾപ്പടെ ജില്ലയിലെ ഒട്ടുമിക്ക പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ സുരക്ഷയൊരുക്കലുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയുണ്ടായിരുന്നു. നഗരത്തിൽ ഇടതുമുന്നണിയുടെ രണ്ടാംവാർഷികം ഉൾപ്പടെ നിരവധി പരിപാടികൾ ഉളളതിനാൽ തലേന്ന് തന്നെ മുഖ്യമന്ത്രി കോട്ടയത്ത് എത്തി. രാത്രി എല്ലാ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കിട്ടിരുന്നു. സസ്‌പെൻഷനിലായ ഗാന്ധിനഗർ എസ്.ഐ ഷിബുവിന് ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ സംഘത്തിലായിരുന്നു ഡ്യൂട്ടി. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിലാണു ഷിബു ഉൾപ്പെട്ട സംഘം മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കിയത്.
പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്എച്ച് മൗണ്ടിലെ കെവിൻ പി.ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടു സസ്‌പെൻഷൻ നേരിടുന്ന ഉദ്യോഗസ്ഥനാണ് ഷിബു. ഭർത്താവിനെ തന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയ കെവിന്റെ ഭാര്യ നീനുവിനെ എസ്.ഐ ഷിബു അവഗണിച്ചതായി ആക്ഷേപമുയർന്നിരുന്നു. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുള്ള വിവരം ചൂണ്ടിക്കാട്ടിയാണ് പോലീസ് നീനുവിന്റെ പരാതി അവഗണിച്ചതെന്നായിരുന്നു ആക്ഷേപം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോടാണ്, തന്റെ സുരക്ഷാ കാര്യങ്ങൾ നോക്കാൻ എസ്.ഐയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും നിലപാടെടുത്തിരുന്നു.