Sorry, you need to enable JavaScript to visit this website.

ജനദ്രോഹ ബജറ്റിനെതിരെ വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച നിയമസഭാ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.

തിരുവനന്തപുരം- ജനദ്രോഹ ബജറ്റിനെതിരെ വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാനത്ത് ജനങ്ങളെ കൊള്ളയടിക്കുന്നതും സാമൂഹ്യനീതി അട്ടിമറിക്കുന്നതുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു. 
വിവിധ ജനവിഭാഗങ്ങളുടെ അടിസ്ഥാന ജീവിത ആവശ്യങ്ങൾ പോലും പരിഗണിക്കുന്നതിൽ ബജറ്റ് പരാജയമാണ്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ ജീവിതത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നികുതിഭാരം വർധിപ്പിക്കുക എന്നുള്ള തന്ത്രം മാത്രമാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക പിന്നോക്ക അവസ്ഥയോടൊപ്പം നിൽക്കേണ്ട സർക്കാർ അതിസമ്പന്നരുടെ മെഗാ ഫോണായി മാറുന്ന കാഴ്ചയാണ് കേരളത്തിൽ ഇടതുപക്ഷ ഭരണകൂടത്തിൽ നിന്നും രൂപപ്പെടുന്നത്. 
അസാധാരണമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ജനങ്ങളെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന ബജറ്റാണ് പിണറായി സർക്കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. 3.6 ലക്ഷം കോടിയുടെ പൊതു കടമുള്ള സംസ്ഥാനം നികുതി പിരിച്ചെടുക്കുന്നതിൽ ഏറെ പിറകിലാണെന്ന വസ്തുത മറച്ചു വെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. നികുതി പിരിവ് വളർച്ചാ നിരക്ക് രണ്ട് ശതമാനത്തിൽ താഴെ മാത്രമുള്ള കേരളം റവന്യൂ ചെലവിൽ രാജ്യത്ത് ഒന്നാമതാണ്. സർക്കാറിന്റെ ഭരണ ധൂർത്തും സാമ്പത്തിക അച്ചടക്ക രാഹിത്യവും കേരളത്തെ വലിയ കടക്കെണിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഭരണകൂടത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണ ജനങ്ങളുടെ മേൽ ഭാരം കെട്ടിവയ്ക്കുന്ന ഫാസിസ്റ്റ് സർക്കാരിന്റെ രീതിയാണ് ഇടതുപക്ഷ സർക്കാർ ബജറ്റ് അവതരണത്തിൽ സ്വീകരിച്ചത്. ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 
പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുന്നതിലൂടെ വിവിധ മേഖലകളിലെ വിലവർധനവ് ക്രമാതീതമായി മാറുകയാണ് ചെയ്യുന്നത്. ഇന്ധന വിലയുടെ കാര്യത്തിൽ സമീപ സംസ്ഥാനങ്ങളെക്കാൾ 10 രൂപയിലധികമാണ് കേരളത്തിലെ ജനങ്ങൾ നൽകേണ്ടി വരുന്നത്. 
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി.പിഷാരടി, മിർസാദ് റഹ്മാൻ, എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ സി.മാവേലിക്കര, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല വൈസ് പ്രസിഡന്റ് അഡ്വ.അനിൽ കുമാർ നന്ദി പറഞ്ഞു. സ്‌പെൻസർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് നേരെ നിയമസഭയ്ക്ക് മുന്നിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
 

Latest News