കാടി ആയാലും മൂടിക്കുടിക്കണം- എന്നൊരു ചൊല്ലുണ്ട്. അവനവന്റെ മാനം കളഞ്ഞ് കുളിക്കരുത് എന്നർഥം. അതു മാനമുള്ളവർക്കല്ലേ എന്നു ചോദിച്ചാൽ മാണി സാറിനെ ചൂണ്ടിക്കാട്ടാതെ വയ്യ. അദ്ദേഹം ഒന്നര വർഷത്തോളമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു മുന്നിൽ ഉദ്യോഗാർഥികളെപ്പോലെ ഇടതുമുന്നണി നടയിൽ കാത്തുനിൽക്കുന്നു. കവാടം തുറന്നില്ല. കോടിയേരി തുറക്കാൻ ശ്രമിക്കുമ്പോൾ കാനം അടയ്ക്കും. കാനത്തിനു ബലം പോരെന്നു കണ്ട് തഴക്കവും പഴക്കവും മല്ലിടുന്നതിലും തടി പിടിത്തത്തിലും ദീർഘകാല പരിചയവുമുള്ള വി.എസിനെ കൂടി കൊണ്ടുവന്നു. അതോടെ വാതിൽ ശരിക്കും അടഞ്ഞു. ഇനിയെന്തു വഴി? എല്ലാ വാതിലുകളും തുറന്നിട്ട അടുത്ത ഭവനം കണ്ടു. മുമ്പ് പിണങ്ങി ഇറങ്ങിപ്പോന്നതാണ്. എന്നാലെന്ത്? ആപത്തിൽ ഉപകരിക്കുന്നവനാണ് യഥാർഥ ബന്ധുവെന്ന് പണ്ടാരോ നമ്മെ മുൻകൂട്ടി കണ്ട് മൊഴിഞ്ഞിട്ടുണ്ട്. അങ്ങോട്ടേക്ക് എത്തി നോക്കി. ദാ വരുന്നു, അവർ മുന്നോട്ട്. ഹസൻജി, ഉമ്മൻജി, കുഞ്ഞാലിക്കുട്ടിജി, പിന്നെ ആ വിശ്വസിക്കാൻ കൊള്ളാത്ത പയ്യൻ രമേശനും. ആദ്യ മൂവർക്കും കൈകൊടുത്തു സ്വീകരിച്ചു പാലായിലെ ഭവനത്തിനകത്തു കയറ്റി. അവർ സീനിയർ സിറ്റിസൺമാരാണ്. നാലാമൻ പയ്യൻ. നമ്മുടെ കൈയുടെ സഹായം വേണ്ട. അല്ലാതെയും എവിടെയും ചാടിക്കയറാനുള്ള ചെറുപ്പമുണ്ട്. ഏറെ നേരം ചായയ്ക്കുശേഷം പാലിനെക്കുറിച്ചു സംസാരിച്ചു. പശുവിൻ പാലല്ല; അതിന് ബി.ജെ.പിയും സംഘ്പരിവാരങ്ങളുമുണ്ട്. നമുക്ക് നമ്മുടെ റബർ പാൽ. അക്കാര്യത്തിൽ യു.ഡി.എഫുകാർ പ്രത്യേകിച്ചൊരു ഉറപ്പും പറഞ്ഞില്ല. എങ്ങനെ പറയും? നടുക്കടലിൽ കിടന്നോന്ന് എന്തോന്ന് ഉറപ്പ്?
കേന്ദ്രത്തിലും കേരളത്തിലുമില്ല. ഗോവയും മണിപ്പൂരും കയ്യൂക്കുള്ളവർ കൊണ്ടുപോയി. അതുകൊണ്ട് തീരുമാനവും കരുതിവേണം. ഒരു പക്ഷേ ബി.ജെ.പിക്കെങ്ങാനും വിളിക്കണമെന്നു തോന്നിയാലോ? മകൻ ജോസിനാണെങ്കിൽ മന്ത്രിയാകേണ്ട പ്രായം തികഞ്ഞിട്ട് വർഷങ്ങളായി. പുരനിറഞ്ഞ മക്കളുള്ളവർക്കേ അതിന്റെ പ്രയാസമറിയാവൂ. അതുകൊണ്ട് നേരിട്ടു ബന്ധം വേണ്ട. മൂക്കിൽ തൊടാൻ വേണ്ടി കൈ തലയുടെ പിന്നിലൂടെ ചുറ്റിവളച്ചാലും മതി. അങ്ങനെയാണ് ചെങ്ങന്നൂരിൽ ചെന്ന് പാർട്ടിയുടെ മാത്രം പൊതുസമ്മേളനം വിളിക്കാൻ ഏർപ്പാടാക്കിയത്. അതിലേക്ക് യു.ഡി.എഫുകാരൻ സ്ഥാനാർഥി വിജയകുമാർ വന്നു ചേർന്നാൽ അങ്ങോർക്കു നല്ലത്. പാലായിൽനിന്നു ചെങ്ങന്നൂരിലേക്കും തിരിച്ച് ചെങ്ങന്നൂരിൽനിന്ന് പാലായ്ക്കും വലിയ ദൂരമൊന്നുമില്ല. വേണമെന്നുള്ളവർ ഇങ്ങോട്ടു വരണം. വരും. ഇനി ചെന്നിത്തലക്കാരനെ എങ്ങും എത്താൻ വയ്യാത്ത ഒരു നിലയിലാക്കണം. അതിന് ഏറ്റവും മെച്ചം 'ഒടിയൻ വിദ്യ'യാണെന്ന് ജോസ്‌മോന്റെ കൂട്ടുകാർ രഹസ്യമായി വന്നുപറഞ്ഞു. എന്തു ചെയ്യാം? വിദ്യ പഠിക്കേണ്ട? 'ഒടിയൻ' എന്നു പേരിട്ട ആ മോഹൻ ലാലിന്റെ പടമാണെങ്കിൽ ഒട്ടു പുറത്തിറങ്ങുന്നുമില്ല. മറ്റാരെങ്കിലും ശരിക്കും വിദ്യ അറിയാവുന്നവർ ഉണ്ടെങ്കിൽ പാലായിലേക്കു വണ്ടികയറിയാൽ നന്ന്. ഉപകാര സ്മരണയുണ്ടാകും. കാരണം, ഇപ്പോ നമ്മളാണ് ഏറ്റവും സീനിയർ നിയമസഭാ സാമാജികൻ. ഒരു മുഖ്യമന്ത്രിപദമൊക്കെ ഒന്നു മോഹിച്ചു പോകും. ഒരു ചെയ്ഞ്ച് ആർക്കാണിഷ്ടപ്പെടാത്തത് എന്ന പരസ്യം കണ്ടിട്ടില്ലേ? പക്ഷേ, ആ ചെന്നിത്തലക്കാരനെ ഒതുക്കിയേ തീരൂ. പയ്യൻ ചങ്ങനാശ്ശേരിയിലെ സുകുമാരൻ പോപ്പിന്റെ വചനങ്ങളിൽ മയങ്ങി അടുത്ത 'താക്കോൽ സ്ഥാനം' സ്വപ്‌നം കണ്ടു നടപ്പാണ്. കുറേ പുളിക്കും. നമുക്കു കാണാം!
**** **** ****
കർണാടകത്തിൽ എവിടെയാണ് തെറ്റിയത് എന്ന് കമഴ്ന്നും മലർന്നും കിടന്നാലോചിച്ചിട്ടും അമിത്ഷാജിക്കും മോഡിജിക്കും പിടികിട്ടിയില്ല. മഷിനോട്ടം, വെറ്റില പ്രശ്‌നം തുടങ്ങിയ കുരുട്ടുവഴികളും നോക്കി. അതും നോട്ടു നിരോധനം പോലെയായി. ഒരിക്കലും കസേരയിൽ ഉറച്ചിരിക്കാൻ വിധിയില്ലാത്ത ഗൗഡ ഫാമിലിക്കാണ് നറുക്കു വീണതെന്നത് മാത്രമാണ് ആശ്വാസം. 37 സീറ്റുകാരന് 88 കാരൻ വഴങ്ങി. പയ്യൻ മുഖ്യന്റെ കസേരയിൽ. മൂപ്പീന്ന് വാതിൽപ്പടിയിൽ. ആദ്യമേ കല്ലുകടിച്ചതാണ് മൂപ്പീന്നിന്. പക്ഷേ കാരണവരെ പിന്നിൽനിന്നു മറ്റാരോ നിയന്ത്രിക്കുന്നു! ഒരു തരം പാവകളി പോലെ! 104 സീറ്റുള്ളവരെ തഴഞ്ഞ് 37 കാരനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ വേണ്ടിയാണ് ഗവർണർ എന്നൊരു പാപിയെ ശമ്പളം കൊടുത്തു പോറ്റുന്നതെന്ന് ആലോചിക്കുമ്പോൾ കണ്ണു നിറയുന്നു!
പണ്ട് ഗുജറാത്തിൽ മോഡി മന്ത്രിസഭയിൽ കയറ്റി ഇരുത്തിയാണ് പരിശീലനം നൽകിയത്! പക്ഷേ, കർണാടക സംഗീതം കേട്ടു ഭയന്നപ്പോൾ കവാത്ത് മറന്നു! പോട്ടെ, കക്ഷിയെ നമുക്ക് കൈവിടാറായില്ല. പക്ഷേ, കോൺഗ്രസിന് ഇത്രയും ബുദ്ധി എവിടെ നിന്നു കിട്ടി എന്നോർക്കുമ്പോൾ ഒരെത്തും പിടിയും കിട്ടുന്നില്ല. അവർക്കും വിശ്വാസം വരുന്നില്ലെന്നാണ് ഒരു പി.സി.സി മെംബർ രഹസ്യമായി അറിയിച്ചത്.
ഒടുവിൽ 'യുറെക്കാ' എന്നു വിളിച്ച് ആർക്കിമിഡിസ് കുളിത്തൊട്ടിയിൽനിന്നും എടുത്തു ചാടിയതുപോലെ ഷാജിയും ചാടിപ്പോയി! കിട്ടി. കാരണം പിടികിട്ടി. എമ്മെല്ലേമാരെ മുഴുവനും വണ്ടിയിൽ കയറ്റി ഹൈദരാബാദിലെ ഒരു റിസോർട്ടിലേക്കാണയച്ചത്. ആദ്യം പ്ലാനിട്ടത് കൊച്ചിയിലേക്കായിരുന്നു. കൊച്ചിയെന്നല്ല, കോഴിക്കോട്ടോക്കോ, തിരുവനന്തപുരത്തേക്കോ മറ്റേതു ജില്ലയിലേക്കോയിരുന്നെങ്കിലും വേണ്ടില്ലായിരുന്നു. അതാണ് അവരുടെ ജയവും നമ്മുടെ പരാജയവും. എമ്മെല്ലെമാർ കേരളത്തിലെ റിസോർട്ടിലായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം അടിച്ചു പിരിഞ്ഞു നാലോ നാൽപതോ ഗ്രൂപ്പായി മടങ്ങുമായിരുന്നു.
അതിന് കെ.പി.സി.സിക്കാരെ മറ്റാരും പഠിപ്പിക്കേണ്ടതില്ല. നമ്മുക്കു ജോലിയും ഭരണവും ലാഭിക്കാമായിരുന്നു. എന്തു ചെയ്യാം, വിധി വിഹിതമേവനും ലംഘിച്ചുകൂടുമോ എന്നല്ലേ ആരോ നമ്മെ സമാധാനിപ്പിക്കാൻ വേണ്ടി പണ്ടേ പാടിയിട്ടുള്ളത്?
**** **** ****
ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിനു പ്രസിദ്ധീകരിച്ച കൈപ്പുസ്തകം 2014 ൽ യു.ഡി.എഫ് പുറത്തിറക്കിയതിന്റെ കോപ്പിയടിയാണ് എന്ന് ആരോപണം! ഇതൊക്കെ ഉന്നയിക്കുന്നവർ ആരായാലും അത് തീരെ ആലോചനയില്ലാതെ ആയിപ്പോയി. പരീക്ഷകൾക്കു കോപ്പിയടി നിരോധിച്ചിട്ടുണ്ട് എന്നത് ശരി. ഭരണത്തിൽ എവിടെ, ആര് എപ്പോൾ നിരോധിച്ചു? എല്ലാം ഒരു സംസ്ഥാന ജനതയുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണെന്ന കാര്യം മറക്കരുത്. അഴിമതിയും സ്വജനപക്ഷപാതവും പോലും കോപ്പിയടിയല്ലേ? ആർക്കാണ് പേറ്റന്റ് ? സാഹിത്യത്തിൽ കോപ്പിയടിക്കാം. ദാറ്റ് സമ്മർ ഇൻ 42; ബെൻഗർവാടി തുടങ്ങിയ ഇതര ഭാഷാകൃതികൾ കോപ്പിയടിക്കപ്പെട്ടു. മലയാളത്തിൽ വന്നപ്പോൾ മാർക്കറ്റിൽ സൂപ്പർ ഹിറ്റുകളായി എന്നാണ് വിമർശക മശകങ്ങൾ! സിനിമയിലും നാടകത്തിലും കോപ്പിയടിക്കാം. സംഗീതത്തിൽ ആൽബം മൊത്തം കോപ്പിയടിക്കാൻ മലയാള കവിത തന്നെ നോക്കുക, ചില കവിതകൾ കേട്ടാൽ ആശാനും വള്ളത്തോളും ചങ്ങമ്പുഴയുമൊക്കെ ഇപ്പോഴും ഇരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണ് എന്നേ തോന്നൂ. ഇതു കൊണ്ടാണോ അവർക്ക് 'അനശ്വര കവികൾ' എന്ന വട്ടപ്പേര് വീണതെന്നും സംശയിക്കണം. പിന്നെ ഈയൊരു കുറ്റംപറച്ചിൽ! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന വരികൾ ഉദ്ധരിച്ച് വിമർശകരെ നേരിടാൻ തൽക്കാലം ഇടതുമുന്നണി സർക്കാർ ഉദ്ദേശിക്കുന്നില്ല. ആ വരികളിലെ 'ചോര' ചിലപ്പോൾ തിരിഞ്ഞൊഴുകും! മൊത്തം ചോരയിൽ മുങ്ങും. കണ്ണൂരിലും പരിസരത്തും ഒഴുകിയ ചോര എത്ര ലിറ്ററെന്നോ ഗ്യാലനെന്നോ ഉള്ള ഒരു കണക്കും ഈ മൂന്നാം വർഷ പ്രവേശനത്തിനിടക്ക് എടുത്തിട്ടില്ല. കഴിഞ്ഞ ഒരു തവണ ഭരണകാലത്ത് പാഠപുസ്തകത്തിൽ ഗാന്ധിജിയുടെ പടത്തിനു പകരം 'പോക്കാച്ചിത്തവള'യുടെ പടം അച്ചടിച്ചു വന്നത് ലോക പ്രസിദ്ധമായില്ലേ? ഇപ്പോൾ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള കൈപ്പുസ്തകത്തിലും അതുതന്നെ. നമ്മുടെ 'ഡാറ്റാ' സേവ് ചെയ്യാൻ മറന്നുപോയി എന്നു പറഞ്ഞാൽ സ്വന്തം കർഷകത്തൊഴിലാളികൾക്ക് മനസ്സിലാകുമോ ആവോ! പിന്നൊരു വഴിയുള്ളത് തൂത്തുക്കൂടി വെടിവെപ്പിനെക്കുറിച്ച് ബി.ജെ.പി പറഞ്ഞതാണ് - വിദേശ കരങ്ങളെ സംശയിക്കുന്നുവെന്ന്! കുറച്ചു കഴിയട്ടെ, ഇപ്പോൾ പ്രസ്താവിച്ചാൽ ചെങ്ങന്നൂരിൽ ബി.ജെ.പി - മാർക്‌സിസ്റ്റ് ധാരണയെന്ന് ആരെങ്കിലും പറയും. അതാണ് ലോകം!