ദുബായ്- ദുബായില്‍ ചൈനക്കാരനെ മര്‍ദിച്ചുകൊന്ന് കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി മരുഭൂമിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദുബായ് കോടതി വിചാരണ ആരംഭിച്ചു. പ്രതികള്‍ തായ്‌ലാന്റിലേക്ക് മുങ്ങിയതിനാല്‍ അവരുടെ അസാന്നിധ്യത്തിലാണ് കോടതി കേസ് പരിഗണിക്കുന്നത്.
മാഫിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. ഇതിനായി പ്രതികള്‍ യു.എ.ഇയില്‍ അനധികൃതമായി എത്തുകയും കൃത്യത്തിന് ശേഷം തായ്‌ലന്‍ഡിലേക്ക് രക്ഷപ്പെട്ടതായും പോലീസ് കണ്ടെത്തിയിരുന്നു.
നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികളാണ് മൃതദേഹം കണ്ടത്. വളര്‍ത്തുനായ നിര്‍ത്താതെ കുരക്കുന്നത് കണ്ട് നോക്കിയപ്പോള്‍ ബാഗിനുള്ളില്‍ മൃതദേഹമാണെന്നു തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. കൊല്ലപ്പെട്ടത് ചൈനക്കാരനാണെന്നും കൊന്നതു ഇയാളുടെ നാട്ടുകാരായ സംഘം തന്നെയാണെന്നും പോലീസ് മനസ്സിലാക്കി.
ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ചൈനക്കാരനെ മര്‍ദിച്ചാണു കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. പ്രത്യേക സി.ഐ.ഡി സംഘമാണ് അന്വേഷണം നടത്തിയത്. ഒറ്റിക്കൊടുത്തതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം.