'അയ്യോ രക്ഷിക്കണേ...' അവള്‍ നിസ്സഹായയായി നിലവിളിച്ചു. ചുറ്റും കൗതുകത്തോടെ കൂടിയ ആള്‍ക്കൂട്ടം മൊബൈല്‍ ഫോണുകളില്‍ ആ കാഴ്ച പകര്‍ത്തുന്നതില്‍ മുഴുകി.
'അയ്യോ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു.. പാവം... എന്നാരോ, ആരോടെന്നില്ലാതെ പറഞ്ഞു. ഒന്നുരണ്ടു തവണ മുങ്ങിയതിനു ശേഷം അവള്‍ കൈകള്‍ ഉയര്‍ത്തി. സഹായത്തിനായി അപേക്ഷിച്ചു കൊണ്ടേയിരുന്നു. കൈയും കെട്ടി നില്‍ക്കുന്ന കാണികള്‍ വേവലാതിയോടെ നോക്കി നിന്നു. ഉടനെ ഒരു അജ്ഞാതന്‍ എവിടെ നിന്നോ ഓടി വന്ന് വെള്ളത്തിലേക്ക് എടുത്ത് ചാടി.
നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം
കണ്ടു നിന്നവരില്‍ ഒരാള്‍ പറഞ്ഞു, 'ഇനി അയാള്‍ക്ക് നീന്താന്‍ അറിയുമോ എന്തോ.....' മറ്റൊരാള്‍ പറഞ്ഞു: 'അതെ, അവനെ പൊക്കാന്‍ ഇനി ഫയര്‍ഫോഴ്‌സ് വേണ്ടി വരുമോ ആവോ..?' ഒന്നും പറയാനില്ലാത്ത, പക്ഷപാതിത്വമില്ലാത്ത കാണികളും കുറവായിരുന്നില്ല. ആള്‍ക്കൂട്ടത്തിന്റെ ബഹളം അറിയാതെ വെള്ളത്തിലേക്ക് ചാടിയ ആ മനുഷ്യന്‍ അവളെ വലിച്ച് കരയിലേക്ക് കൊണ്ടടുപ്പിച്ചു.
മാനവികതയുടെ പല മുഖങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവര്‍ കരുണയോടെ, കരുതലോടെ അവളെ പരിപാലിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ 'ആരാണ് ആ സംരക്ഷകന്‍', 'ഏത് മതക്കാരനാണ് അയാള്‍' എന്നൊക്കെ ചിലര്‍ ആശങ്കപ്പെടാന്‍ തുടങ്ങി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അജ്ഞാതനായ അയാള്‍ ജനക്കൂട്ടത്തിനിടയിലൂടെ കടന്നു കളഞ്ഞു. താന്‍ കാരണം അവളുടെ മതത്തിന് കോട്ടം തട്ടിയാലോ എന്ന് അയാള്‍ ആശങ്കപ്പെട്ടിരിക്കണം.