പഴയ ഒരു ഹിന്ദി പാട്ട് ഓർമ്മ വരുന്നു. ആയിനാ മുഝ് സേ മേരീ പഹലീ സീ സൂരത് മാംഗീ....മലയാളത്തിൽ ഇങ്ങനെ പറഞ്ഞാലോ? കണ്ണാടി ചൊൽവൂ നീ നിൻ മുൻ രൂപം നൽകൂ...കുടിച്ചു മുടിഞ്ഞ ഒരു പാട്ടുകാരന്റെ തിരിച്ചുവരവ് കൊണ്ടാടുന്നതാണ് പടം. പണ്ടത്തെ പ്രതിബിംബം തിരിച്ചുകൊണ്ടുവരണമെന്ന അന്തരാത്മാവിന്റെ ആഹ്വാനം തന്നെയാണ് ആ ഗാനം.
നിലവിലെ രൂപവും പഴയ പ്രതിബിംബവും തമ്മിൽ അത്ര അന്തരം ഉണ്ടായിരിക്കുന്നു.
കേരളത്തെ ചിരിച്ചു ഭരിച്ച ഇ. കെ. നായനാരും, ഇപ്പോഴുണ്ടായിരുന്നെങ്കിൽ, അങ്ങനെ ഒരു ചോദ്യം ചോദിക്കുമായിരുന്നു എന്ന വാർത്ത കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ എത്തി. നായനാരുടേതെന്ന് സംശയിക്കാവുന്ന ഒരു ചിത്രവും ഒപ്പം ഉണ്ടായിരുന്നു. നായനാരുടെ നാട്ടിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു പ്രതിമയാണ് വിവാദവിഷയം. മുഖം നായനാരുടേതു പോലല്ലത്രേ. പ്രതിമ അനുയായികളോടും ശിൽപിയോടും ആവശ്യപ്പെടുകയായിരിക്കാം, 'എന്റെ പഴയ രൂപം തരൂ.' പ്രതിമയുടെ ദൈന്യം അസഹ്യം തന്നെ. നായനാരെപ്പോലെ ചിരിക്കാൻ അതിനു വയ്യല്ലോ.
കണ്ണിറുക്കിയും കള്ളച്ചിരി വാരി വിതറിയും കേരളത്തിനു ഹരം പകർന്ന കെ. കരുണാകരന്റെ ഒരു പ്രതിമ തിരുവനന്തപുരത്ത് മ്യൂസിയത്തിനടുത്ത് കാണാം. പണ്ട് അദ്ദേഹത്തിന്റെ മുറിയിൽ സ്ഥാപിച്ചിരുന്ന മൺപ്രതിമ പോലൊന്ന്, പക്ഷേ നാട്ടുകാരെ നോക്കി ചിരിക്കാൻ പാകത്തിൽ വലുത്. പ്രതിമ സ്ഥാപിച്ചു കഴിഞ്ഞപ്പോൾ പലരും പറഞ്ഞു, 'ഇതല്ല ലീഡർ'. ഓരോരുത്തർക്കും ലീഡർ ഓരോന്നായിരുന്നു. അപ്പോൾ പിന്നെ ലീഡറുടെ പ്രതിമക്ക് ഒരു ഏകരൂപതയുണ്ടെന്ന് ഏകകണ്ഠമായ അഭിപ്രായം എങ്ങനെ പുലരും?
അഭിപ്രായം പറയാനും ബഹളം വെക്കാനും നായനാരും ലീഡറും ജീവിച്ചിരിപ്പില്ലാത്തത് ഒരു തരത്തിൽ പ്രതിമാസ്ഥാപകരുടെ ഭാഗ്യം. തന്റെ ആകൃതി താൻ കരുതിയതുപോലെയല്ല ജനം മനസ്സിലാക്കുന്നതെന്നു തിരിച്ചറിയുമ്പോൾ നായനാരും കരുണാകരനും മാത്രമല്ല നിങ്ങളും ഞാനും പൊട്ടിയും പൊട്ടാതെയും തെറിച്ചുപോകുമായിരിക്കും. തന്റെ രൂപം തന്നെപ്പോലെയായില്ലെന്നു വിചാരിക്കുന്നവർ ഏറെ ഉണ്ടാകും. വി. എസ് അച്യുതാനന്ദന്റെ പണിതുകൊണ്ടിരിക്കുന്ന ഒരു പ്രതിമയിലും ഈയിടെ ജനശ്രദ്ധ പതിയുകയുണ്ടായി. അതും തീർത്തും വി എസിനെപ്പോലെയല്ല എന്നു തോന്നും. വാസ്തവത്തിൽ അതങ്ങനെയാവാനേ തരമുള്ളു. ബിംബവും പ്രതിബിംബവും തമ്മിൽ സാമ്യം കാണാം, പക്ഷേ ഏകീഭാവം വേണം എന്നു ശഠിച്ചുകൂടാ.
തന്റെ രൂപം താൻ തന്നെ ചമയ്ക്കുന്നതിന്റെയും അതിനു വേറൊരാളെ ചുമതലപ്പെടുത്തുന്നവരുടെയും കഥകൾ ഒരുപോലെ ഉള്ളിൽ കൊള്ളുന്നതായിരിക്കും. നാടകാന്തം കവിത്വം എന്നു പറയുന്നതുപോലെ, കൊള്ളാവുന്ന ഒരു ചിത്രകാരനാകണമെങ്കിൽ ഒടുവിൽ തന്റെ തന്നെ പടം വരച്ചുവെക്കണം. സെൽഫ് പോർട്രയിറ്റ്- ആത്മലേഖനം എന്നു കൈരളിയിൽ. കലയുടെ രൂപഭാവങ്ങൾ കണ്ടറിഞ്ഞ എം. വി ദേവനെക്കൊണ്ട് ഒരു ധനകാര്യപത്രത്തിൽ ഒരിക്കൽ ഞാൻ തന്റെ ഭൂപടം അടയാളപ്പെടുത്തിനോക്കി. വേറൊരവസരത്തിൽ, ഹാസ്യചിത്രകാരനായ അബുവിനെ ടെലിവിഷനിൽ സംസാരിക്കാനിരുത്തിയപ്പോൾ, അദ്ദേഹത്തിന്റെ മുന്നിലുള്ള കടലാസു കഷണത്തിൽ അദ്ദേഹം കോറിയിട്ടത് എന്റെ മുഖമായിരുന്നു. ദൂരദർശന്റെ തുടക്കക്കാലത്ത് അതിഥിയുമായി സംസാരിക്കുന്നതിനിടെ അതിഥിയുടെ രൂപം വരച്ചുപോകുന്ന ഒരു രസികൻ പരിപാടി അബു അവതരിപ്പിച്ചിരുന്നു. ആറേഴു വര കൊണ്ട് എന്റെ മുഖം അളന്നെടുത്തു. ഞാനും ഗാന്ധിയും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്ന് അതാകാം. ഒന്നോ രണ്ടോ കോറിയാൽ ഗാന്ധിയുടെ അഴകുള്ള ഒഴുക്കൻ തലയായി. ആറേഴു കോറിയാലും എന്റെ രൂപം തെളിയില്ല. തെളിഞ്ഞ രൂപവുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നും വരില്ല.
വാൻഗോഗിനു കഴിഞ്ഞിരുന്നില്ല, എന്നിട്ടു വേണ്ടേ എനിക്ക്? കോടിക്കണക്കിനു ഡോളർ വില മതിക്കുന്ന സൂര്യകാന്തിപ്പൂക്കളും ഐറിസ് പൂക്കളും വരച്ചുവെച്ചു കടന്നു കളഞ്ഞ വാൻ ഗോഗിന് ഒന്നിലും ആത്മസംതൃപ്തി അടയാൻ ആയിരുന്നില്ല. അതുകൊണ്ട് അദ്ദേഹം വരച്ചുകൊണ്ടേ പോയി. സ്വയം അവസാനിപ്പിക്കാൻ വേണ്ടി വെടിവെച്ചുനോക്കി തോറ്റുപോയി. പ്രണയിനിക്കു സമ്മാനിക്കാൻ വേണ്ടി തന്റെ തന്നെ ഒരു ചെവി മുറിച്ചെടുത്തു. സ്വന്തം മുഖം വരച്ചു നോക്കി. പ്രശസ്തമായ ആ ചിത്രത്തിൽ വ്യഥയും വേപഥുവും സ്പന്ദിക്കുന്നത് കാണാം. ഉള്ളുലയ്ക്കുന്ന ഏതോ വികാരം വഹിക്കുന്ന ആ മുഖം തന്റേതാണെന്നു പറയാൻ വാൻഗോഗ് ഇഷ്ടപ്പെടുമായിരുന്നോ? നായനാരെയോ കരുണാകരനെയോ പോലെ ചിരി വരുത്തുന്നതായിരുന്നില്ല വാൻഗോഗിന്റെ ആത്മചിത്രം.
ബിംബവും പ്രതിബിംബവും തമ്മിലുള്ള ഐക്യവും വൈപരീത്യവും പ്രതിഫലിപ്പിക്കുന്ന കവനങ്ങളും വർണചിത്രങ്ങളും നമ്മുടെ കലാപ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്നു. മനുഷ്യമനസ്സിന്റെ താളവും അവതാളവും ചിത്രീകരിച്ചു മതിയായിട്ടില്ല ഒരു കലാകാരനും. തന്റെ രൂപം എങ്ങനെ ആയിരിക്കണമെന്ന് ഓരോ ജീവിക്കും ആഗ്രഹം കണ്ടേക്കും. മൃഗാവബോധത്തെപ്പറ്റിയുള്ള അരവിന്ദന്റെ ചിന്ത അംഗീകരിക്കാമെങ്കിൽ, പശുക്കൾക്കും പക്ഷികൾക്കും സ്വന്തം പ്രതിബിംബത്തെപ്പറ്റി ശുദ്ധഗണിതങ്ങൾ ഉണ്ടായിരിക്കും. തന്നുടെ മുഖമേറ്റം സുന്ദരം അല്ലെന്ന ബോധം ഉദിക്കുന്നത് കണ്ണാടി കാണുമ്പോഴായിരിക്കും. ധാരണയും യാഥാർഥ്യവും, മോഹവും വസ്തുതയും തമ്മിലുള്ള വൈരുധ്യം ഈ പ്രകൃതത്തിൽ വെളിപ്പെട്ടത് കണ്ണൂരിലെ നായനാർ പ്രതിമ വഴി തന്നെ.
നായനാർ നിരന്തരം പ്രതിമയുമായി സംവദിച്ചു സുഖിച്ചിരുന്ന ആളായിരുന്നോ എന്നറിയില്ല. കഴിഞ്ഞയാഴ്ച അന്തരിച്ച, പതിനഞ്ചുകൊല്ലം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന, കവിതയും കലയും സിനിമയും രാഷ്ട്രീയവും ധനനഷ്ടമാക്കിയ ഇ. എൻ മുരളീധരൻ നായരോട് അതു മാത്രം ചോദിച്ചറിയാൻ വിട്ടുപോയി. തന്റെ പ്രതിബിംബം ബിംബത്തെക്കാൾ ശോഭിക്കണമെന്ന് നാർസിസസ്സിനെപ്പോലെ നായനാരും ആഗ്രഹിച്ചിരുന്നിരിക്കും. അത്ര സർവാംഗീണമാണ് ഭംഗിയെപ്പറ്റിയുള്ള നമ്മുടെ ധാരണയും അക്ഷമയും. എത്ര മോടി പിടിപ്പിച്ചാലും മതിയാകാത്ത ഒരു മാനസികാവസ്ഥ.
നാർസിസസ്സിന്റെ ചിത്തവൃത്തി വികലമായിരുന്നു. എല്ലാവർക്കും അവനവന്റെ രൂപം കാണാൻ കൗതുകമാണെങ്കിലും എല്ലാവരെക്കാളും കൂടുതൽ നാർസിസസ്സിന് അതിഷ്ടമായിരുന്നു. തടാകത്തിൽ തെളിയുന്ന തന്റെ മുഖം നോക്കിയിരിക്കുന്നതായിരുന്നു അദ്ദേഹത്തിന് നിർവൃതി. അങ്ങനെ നോക്കിയിരിക്കേ വെള്ളത്തിൽ ഒരു മീൻ ചാടുന്നു, ഒരു കല്ലു വീഴുന്നു, പ്രതിബിംബം ആയിരം അലകളായി പൊലിയുന്നു. അതാണ് പരമമായ വ്യഥ, മോഹഭംഗം. നേതാവിന്റെ പ്രതിമ അസ്സൽ പോലെ ആയില്ലെന്നു പരിതപിക്കുന്ന അനുയായികളുടെ വേദനയും ഒട്ടൊക്കെ നാർസിസസ്സിന്റേതു പോലെയായിരിക്കണം.
ബിംബവും പ്രതിബിംബവും തമ്മിലുള്ള വൈരുധ്യം തിരിച്ചറിയുന്നവരിൽ സഹൃദയർ ബോ ധോദയത്തിന്റെ മുഹൂർത്തത്തിൽ പൊട്ടിച്ചിരിച്ചേക്കും. സ്യൂക്‌സിസ് എന്ന യവനചിത്രകാരനെപ്പോലെ ചിരിച്ചുമരിക്കുന്നവർ പോലുമുണ്ടാകും പക്വതയാർന്ന ആസ്വാദകർക്കിടയിൽ. സ്യൂക്‌സിന്റെ കഥയിലെ വൈചിത്ര്യം തന്നെ നന്നേ രസകരം. തന്റെ ചിത്രം തീർത്തും യഥാതഥമാക്കിയിരുന്നു അദ്ദേഹം. ചിത്രവും വസ്തുവും തമ്മിലുള്ള അന്തരം അദ്ദേഹം ആസ്വാദകമനസ്സിൽനിന്ന് മായ്ച്ചുകളഞ്ഞു. ഒരിക്കൽ, ഒരിക്കൽ മാത്രം, പരാക്‌സിസ് എന്ന ചിത്രകാരനോട് മൽസരത്തിൽ തോറ്റു. താൻ വരച്ച യവനികയിലെ മുന്തിരി തിന്നാൻ കിളികളെ വരുത്തി സ്യൂക്‌സിസ്. അത്ഭുതം കൂറി നിൽക്കുന്ന പരാക്‌സിസിനോട് തന്റെ യവനിക നീർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പിടി കിട്ടിയത്, യവനിക തന്നെ അയഥാർഥമായിരുന്നു. സ്യൂക്‌സിസ് കിളികളെ കളിപ്പിച്ചു, പരാക്‌സിസ് ആ സ്യൂക്‌സിസിനെപ്പോലും കളിപ്പിച്ചു.
നമ്മുടെ പ്രതിമാശിൽപികളെപ്പോലെ സ്യൂക്‌സിസിനും അരു അക്കിടി പറ്റി. വിരൂപയായ ഒരു ധനികയുടെ നിർദ്ദേശപ്രകാരം ലോകൈകസുന്ദരിയുടെ ചിത്രം വരക്കാൻ ഒരുമ്പെട്ടു. എന്തു വന്നാലും എനിക്കും കിട്ടണം പണം എന്നല്ലേ? അസാധ്യമായ ഒരു വ്യവസ്ഥ കൂടി ഉണ്ടായിരുന്നുവെന്നു മാത്രം. ലോകൈകസുന്ദരിയുടെ പടത്തിനുള്ള മാതൃക ആ ധനികവിരൂപയായിരിക്കണം! സ്യൂക്‌സിസ് വെല്ലുവിളി ഏറ്റെടുത്ത് ചിത്രം പൂർത്തിയാക്കി.
ധനികവിരൂപയെപ്പോലുള്ള ലോകൈകസുന്ദരിയുടെ ചിത്രം നോക്കി ചിത്രകാരൻ ചിരിച്ചു മണ്ണു കപ്പി, പിന്നെ മരിച്ചു. ചിരി മരണത്തിലേക്കു നയിച്ച ഒരേയൊരു സംഭവം ആ പുരാവൃത്തമാകുന്നു. ബിംബവും പ്രതിബിംബവും തമ്മിൽ പൂർണമായ വൈരുധ്യം ആവാഹിക്കുന്ന ചിത്രവും അതായിരിക്കും. കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം സുന്ദരമെന്നു കരുതിയിരുന്ന ആൾക്കുണ്ടാവുന്ന തിരിച്ചറിവിന്റെ വേദനയും അതു തന്നെ.
ഇനി ഒരു പഴങ്കഥ. ടി. എ രാമയ്യ എന്ന മുതിർന്ന ഇൻഫർമേഷൻ ഓഫീസർ ചന്നറെഡ്ഡി എന്ന ഉരുക്കു മന്ത്രിയുടെ പടം എടുപ്പിച്ചു, പത്രങ്ങൾക്ക് കൊടുക്കാൻ. മന്ത്രിക്ക് പടം ഇഷ്ടപ്പെടാതെ വന്നപ്പോൾ അത് പിൻവലിച്ചു. മന്ത്രി സുന്ദരനായി കാണപ്പെടേണ്ടേ? നൈസാമിന്റെ നാട്ടിൽനിന്ന് അതിനുവേണ്ട്രി ഒരു ഛായാഗ്രാഹകനെ പ്രത്യേകം വരുത്തി. പടം പിടിച്ചു. മന്ത്രിക്ക് ഇഷ്ടമായി. കിടിലോൽക്കിടിലം പടം. പക്ഷേ രാമയ്യക്ക് ഒരു സംശയം. പടം മുഖം പോലെയാണോ? ആകണമെന്നില്ല. ബിംബവും പ്രതിബിംബവും തമ്മിൽ പരമമായ ഏകീഭാവം സാധ്യമല്ലെന്നതുപോലെ, പ്രതിമ എപ്പോഴും പ്രതിമാപുരുഷനെപ്പോലെ ആകണമെന്നില്ല. നമുക്കൊരു പ്രതിമാനയം ഉണ്ടാകുമ്പോൾ അതായിരിക്കും സത്യവാചകം.