Sorry, you need to enable JavaScript to visit this website.

കെവിനെ കൊലപ്പെടുത്തിയത് വധുവിന്റെ കുടുംബം; പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ, 

തിരുവനന്തപുരം- കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് നവവരനെ
കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം വധുവിന്റെ ബന്ധുക്കളാണെന്നും ഡി.െൈവ.എഫ്.ഐക്ക് പങ്കില്ലെന്നും സംസ്ഥാന കമ്മിറ്റി. ഡി.വൈ.എഫ്.ഐ.യെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന പ്രചരണങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരൻ നാസറൂദിന്റെ മകനാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. ബന്ധു എന്ന നിലയിലാണ് ഇയാൾ ഈ കൃത്യത്തിൽ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാൾക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിട്ടുണ്ട്.

പ്രസ്താവനയുടെ പൂർണരൂപം:

കൃത്യത്തിൽ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കൾ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു. ഇയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോൺഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവർ, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യം വച്ചുമാത്രമാണ്.

വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോൺഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവർത്തനത്തിൽ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയർത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണ്.

കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐയാണ്. കെവിൻ സി.പി.ഐ(എം) അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരൻ ബൈജി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്‌റ്റേഷനിൽ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവർത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുൻ ഡിവൈഎഫ്‌ഐ നേതാവും സി.പി.ഐ(എം) കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്‌റ്റേഷന് പുറത്തുവെച്ച് വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വലിച്ചിഴച്ച് കാറിൽ കയറ്റുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കുകയും ഇവർക്കാവശ്യമായ സംരക്ഷണം നൽകാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ സി.പി.എം പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.

കെവിനെ തെന്മലയിൽ നിന്നെത്തിയ ബന്ധുക്കൾ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് കെവിന്റെ അച്ഛൻ, സി.പി.എം ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി കെ.എൻ.വേണുഗോപാലിനൊപ്പം പോയാണ് പോലീസിൽ പരാതി നൽകിയത്. അപ്പോഴും പോലീസ് സ്‌റ്റേഷനിൽ ഇടപെടുന്നതിനും തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നൽകിയത്. അക്രമിസംഘം വഴിയിൽ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്‌റ്റേഷനിലെത്തിച്ച് മൊഴിനൽകിയതും സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്.
എസ്.ഐയുടെ ഭാഗത്തുനിന്ന് ആദ്യം മുതൽ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്‌നത്തിൽ ഇടപെട്ട കോട്ടയത്തെ ഡിവൈഎഫ്‌ഐ നേതാക്കളും അഭിപ്രായപ്പെട്ടു. കോട്ടയത്തെ ഡി.വൈ.എഫ്.ഐയുടെ ഇടപെടലും ഇരകൾക്ക് നൽകിയ സഹായവും ബോധപൂർവ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയിൽ കൃത്യത്തിൽ പങ്കെടുത്ത ഒരാളുടെ ഡി.വൈ.എഫ്.ഐ ബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല. ഇത്തരം പ്രവണതകൾക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ കടമയാണ്്. അതുകൊണ്ടുകൂടിയാണ് കോട്ടയത്ത് കെവിനും വധുവിനും ആവശ്യമായ എല്ലാ സഹായവും ഡി.വൈ.എഫ്.ഐ ചെയ്തുനൽകിയതും. എന്നിട്ടും ഡി.വൈ.എഫ്.ഐയെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ ഡി.വൈ.എഫ്.ഐയുടെ ചോര കൊതിക്കുന്നവർ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.
 

Latest News