Sorry, you need to enable JavaScript to visit this website.

വെള്ളക്കരം കൂട്ടിയ മന്ത്രിക്കെതിരെ സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം- വെള്ളക്കരം കൂട്ടിയതിനെതിരെ മന്ത്രി റോഷി അഗസ്റ്റിന് സ്പീക്കറുടെ റൂളിങ്. നിയമസഭ നടക്കുന്നതിനാല്‍ വെള്ളക്കരം കൂട്ടുന്നത് സഭയില്‍ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു. എ. പി. അനില്‍കുമാര്‍ ക്രമപ്രശ്നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ റൂളിങ്. 

സഭ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ സഭയില്‍ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സഭ നടക്കവെ ഉത്തരവിറക്കിയത് നിയമസഭയോടുള്ള അനാദരവാണെന്ന് എ. പി. അനില്‍കുമാര്‍ കുറ്റപ്പെടുത്തി. നയപരമായ തീരുമാനം സമ്മേളന കാലത്ത് സഭയില്‍ പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്ന് സ്പീക്കര്‍ അറിയിച്ചു.  തീരുമാനങ്ങള്‍ സഭയില്‍ പ്രഖ്യാപിക്കുന്നതാണ് ഉത്തമമെന്നും ഇത് ലംഘിക്കപ്പെട്ടപ്പോഴൊക്കെ മുന്‍കാലങ്ങളില്‍ റൂളിങ് ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമ മാതൃകയായി മാറുമായിരുന്നുവെന്നും വിശദമാക്കി. 

സര്‍ക്കാര്‍ ധൃതി പിടിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു പറഞ്ഞ  റോഷി അഗസ്റ്റിന്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉത്തരവുണ്ടായതെന്നും സഭയോടുള്ള അനാദരവല്ലെന്നും പ്രതികരിച്ചു.

Latest News