ഇടുക്കി- മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും ഉദ്യോഗാർഥിയെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയിൽ നിലവിലുള്ള റാങ്ക് പട്ടിക പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പി.എസ്.സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പി.എസ്.സി സെക്രട്ടറിക്ക് നിർദേശം നൽകി. പീരുമേട് ടൈഫോർഡ് എസ്റ്റേറ്റ് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
2020 മാർച്ചിൽ പി.എസ്.സി നടത്തിയ എൽ.ഡി ക്ലർക്ക് പരീക്ഷയെഴുതിയയാളാണ് കപിൽ. മലയാളവും തമിഴും അറിയാവുന്നവർക്കുള്ള പ്രത്യേക തസ്തികക്കുള്ള പരീക്ഷയാണെഴുതിയത്. കപിലിന് 52 മാർക്ക് ലഭിച്ചു. മലയാളത്തിന് 44.37 ശതമാനവും തമിഴിന് 67.50 ശതമാനം മാർക്കുണ്ട്. എന്നിട്ടും ജോലികിട്ടിയില്ല. ഇത് ക്ലറിക്കൽ പിശകാണെന്നാണ് പി.എസ്.സി അറിയിച്ചത്. കപിലിനെക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 54 പേർ റാങ്ക് ലിസ്റ്റിലുണ്ടെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു. 52 മാർക്കുള്ള പട്ടികജാതിക്കാരനായ കപിലിന്റെ പേര് സപ്ലിമെന്ററി ലിസ്റ്റിൽ പോലുമില്ലെന്നായിരുന്നു പരാതി.