കൊച്ചി- കോവിഡിനെ തുടർന്ന്, തിലാപിയ പോലുള്ള വളർത്തുമീനുകൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്‌തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ, കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിന് ശേഷവും വളർത്തുമീനുകളോടുള്ള ഇഷ്ടം കേരളത്തിലെ മത്സ്യപ്രേമികൾക്കിടയിൽ കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനം പറയുന്നു.
കോവിഡും സമുദ്രമത്സ്യമേഖലയും എന്ന വിഷയത്തിൽ സി.എം.എഫ്.ആർ.ഐയിൽ നടന്ന ശിൽപശാലയിലാണ് ഡോ ശ്യാം എസ് സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രൊജക്ടിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ശിൽപശാല ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം സമുദ്രമത്സ്യലഭ്യതയിലുണ്ടായ വർധനവ് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി കാരണം തിരിച്ചടി നേരിട്ടെങ്കിലും സമുദ്രമത്സ്യ മേഖല സാധാരാണനിലയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജെ ജയശങ്കർ അധ്യകഷത വഹിച്ചു. ഡോ ശ്യാം എസ് സലീം, അഖില കുമാരൻ എന്നിവർ പ്രസംഗിച്ചു.