കൊച്ചി- ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്. സി. കേരളത്തില്‍ നിന്നുള്ള ഊര്‍ജസ്വലനായ ക്രിക്കറ്റ് താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ. പി. എല്‍) ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്റെ മാഹാത്മ്യത്തെയും പ്രതിനിധീകരിക്കും. കേരളത്തിലെ അനേകം യുവ കായിക താരങ്ങള്‍ക്ക് പ്രചോദനമായ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത് അദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കാനും സഹായകരമാകും.
സഞ്ജു ദേശീയ പ്രതീകമാണെന്നും അദ്ദേഹത്തെ കെ. ബി. എഫ്. സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്. സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സ്പോര്‍ട്സിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തില്‍ ഒരുമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിന്റെ ഗ്രാസ്‌റൂട്ട്- കമ്മ്യൂണിറ്റി സംരംഭങ്ങളും ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിന്റെ അഭിനിവേശം പങ്കിടാനും അംബാസഡര്‍ റോളില്‍ സഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും നിഖില്‍ ഭരദ്വാജ് അറിയിച്ചു.
താനെപ്പോഴും ഫുട്‌ബോള്‍ ആരാധകനാണെന്നും അച്ഛന്‍ ു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായതിനാല്‍ ഫുട്‌ബോള്‍ എപ്പോഴും തന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള കായിക വിനോദമാണെന്നും ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസണ്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്. സി ചൊവ്വാഴ്ച നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്. സിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 26ന് സീസണിലെ അവസാന മത്സരത്തില്‍ ക്ലബ് ഹൈദരാബാദ് എഫ്. സിയെ നേരിടുമ്പോള്‍ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ആദ്യമായി സഞ്ജു സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.