Sorry, you need to enable JavaScript to visit this website.

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ

ചെങ്ങന്നൂര്‍- ഇരുമുന്നണികളും നിര്‍ണായകമായി കണക്കാക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിനാണ് അവസാനിക്കുക. 17 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതില്‍ 22 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ആകെ വോട്ടര്‍മാര്‍ 1,99,340.
1,06,421 സ്ത്രീ വോട്ടര്‍മാരും 92,919 പുരുഷ വോട്ടര്‍മാരും. വനിതാ സ്ഥാനാര്‍ഥികള്‍ ആരുമില്ല. 
2016ലെ തെരഞ്ഞെടുപ്പില്‍ നോട്ടക്കു പുറമെ ആറ് സ്ഥാനാര്‍ഥികള്‍ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍ ഇത്തവണ നോട്ടക്കു പുറമെ, 18 സ്ഥാനാര്‍ഥികളുണ്ട്. സ്ഥാനാര്‍ഥികളുടെ എണ്ണക്കൂടുതല്‍ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.
മഴ മാറിനില്‍ക്കുന്നതിനാല്‍ തുടക്കത്തില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ആദ്യ ഒരു മണിക്കൂറില്‍ എട്ട് ശതമാനം പോളിംഗ് രേഖപ്പെടുത്തി. 
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു ഡി എഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാറും എന്‍ ഡി എ സ്ഥാനാര്‍ഥിയായി പി എസ് ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.
മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം ജനവിധി തനിക്ക് അനുകൂലമാകുമെന്ന് ഡി വിജയകുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്ന് ശ്രീധരന്‍പിള്ളയും പറഞ്ഞു. മുളക്കുഴയിലെ എസ് എന്‍ ഡി പി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തില്‍ സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തി.
കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 31-നാണ്.

Latest News