Sorry, you need to enable JavaScript to visit this website.

ശല്യമുണ്ടെങ്കിലും കാട്ടാനകളെ പിടികൂടാനാകില്ലെന്ന് വനംവകുപ്പ്

പാലക്കാട്- കാട്ടാനശല്യം തുടരുന്ന ധോണി വനമേഖലയിലെ കൂടുതൽ ആനകളെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. കാട്ടിൽനിന്ന് ആനകളെ പിടികൂടി സംരക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും ഇക്കാര്യത്തിൽ ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നും ഡി.എഫ്.ഒ അറിയിച്ചു. ധോണിയിൽ പതിവുശല്യക്കാരനായിരുന്ന പി.ടി.7 എന്ന കൊമ്പനാനയെ ഇക്കഴിഞ്ഞ 22നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. അതിനു ശേഷവും കാട്ടാനശല്യം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ആനകളെ തുരത്തണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉയരുന്നത്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേ കാട്ടാനയെ പിടികൂടുകയുള്ളൂവെന്നും ധോണിയിലെ പ്രശ്‌നം ആ രീതിയിൽ പരിഹരിക്കാനാവില്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ധോണിയിലിറങ്ങിയ ആനക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരു പശു ചത്തിരുന്നു. ആനകൾ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. വനാതിർത്തിയിലെ ആനത്താരകളിൽ വൈദ്യുതവേലി സ്ഥാപിച്ച് ആനകൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടിയെടുത്തുവെങ്കിലും അത് വിജയിച്ചിട്ടില്ല. മരക്കൊമ്പ് കൊണ്ട് വേലി തകർത്താണ് വെള്ളിയാഴ്ച മൂന്ന് ആനകൾ ധോണിയിലെത്തിയത്. 
അതേസമയം വിഷയത്തിൽ വനംവകുപ്പിനെ സമ്മർദ്ദത്തിലാക്കി പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് വന്യജീവി പ്രതിരോധസമിതി. ആനകൾ നാട്ടിലിറങ്ങി സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് തടയാനുള്ള ഉത്തരവാദിത്തം വനംവകുപ്പിനാണ് എന്ന് സമിതി രക്ഷാധികാരി പി.എ.ഗോകുൽദാസ് അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്ന സമയത്ത് സഹായം തേടുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നല്ല രീതിയിലല്ല പ്രതികരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തേയും സംസ്ഥാന വനംവകുപ്പിനേയും പ്രതിക്കൂട്ടിൽ കയറ്റി നിയമനടപടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സമിതി.
 

Latest News