കോട്ടയം - കേരളാ കോൺഗ്രസിനെ യു.ഡി.എഫ് ക്യാമ്പിലേക്ക് കൊണ്ടുവരാൻ പ്രയത്‌നിച്ച ഉമ്മൻ ചാണ്ടിയെ ഉടൻ കേരളത്തിന് പുറത്തേക്ക് അയക്കുന്നതിൽ കേരള കോൺഗ്രസിന് ആശങ്ക. ഉമ്മൻ ചാണ്ടിയുടെ സേവനം കേരളത്തിന് ലഭിക്കാത്തത് കുറവ് തന്നെയാണെന്ന് കേരള കോൺഗ്രസ് തുറന്നടിച്ചു. കേരളത്തിന്റെ ചുമതലകളിൽനിന്നും ഉമ്മൻ ചാണ്ടിയെ വിടർത്തുന്നതിന്റെ സൂചനയാണോ ഇതെന്ന ആശങ്കയിലാണ് നേതൃത്വം. തെരഞ്ഞെടുപ്പ് തലേന്നുളള ഈ മാറ്റം യു.ഡി.എഫ് ക്യാമ്പിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന ആശങ്കയാണ് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി പ്രകടിപ്പിച്ചത്.
ഭിന്നാഭിപ്രായമുള്ള പല വിഷയങ്ങളും സാമർത്ഥ്യത്തോടെ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ യു.ഡി.എഫിന് അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രമാണ്. ഉമ്മൻ ചാണ്ടിയുടെ മുഴുവൻ സമയ ശ്രദ്ധ കേരളത്തിൽ ഇല്ലാത്തത് തീർച്ചയായും ഒരു കുറവ് തന്നെയായിരിക്കുമെന്ന് കെ. എം മാണി പറഞ്ഞു.