കോഴിക്കോട്- വടകരയില്‍ വീണ്ടും മത്സരിക്കുമെന്ന് കെ. മുരളീധരന്‍. സകല പ്രചരണങ്ങേയും തള്ളിക്കൊണ്ട് വടകരയില്‍ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്. ശശി തരൂരിന് പുറമെ ടിഎന്‍ പ്രതാപന്‍, ആന്റോ ആന്റണി, എംകെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ക്കും ഇക്കുറി പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല. ഇക്കൂട്ടത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയ പേരായിരുന്നു വടകര എംപി കെ മുരളീധരന്റേത്. വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ അദ്ദേഹം വീണ്ടുമൊരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തവണ ലോക്‌സഭയിലേക്കുള്ള കന്നിയങ്കമായിരുന്നതിനാല്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്തകാലത്തായി മണ്ഡലത്തില്‍ കൂടുതല്‍ സജീവവുമാണ് എംപി. വടകരിയില്‍ വീണ്ടും മത്സരിക്കാനുള്ള തന്റെ താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ അവസാന നിമിഷത്തിലായിരുന്നു വടകരയിലേക്ക് മത്സരിക്കാനായി കെ മുരളീധരന്‍ എത്തിയത്. വട്ടിയൂര്‍ക്കാവ് എം എല്‍ എയായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹം വടക്കോട്ട് വണ്ടി കയറിയത്. വളരെ ശക്തമായ മത്സരം പ്രതീക്ഷിക്കപ്പെട്ടെങ്കിലും രാഹുല്‍ തരംഗം ആഞ്ഞടിച്ച 2019 ലെ തെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ കരുത്തനായ 84663 വോട്ടിനായിരുന്നു കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. കെ മുരളീധരന് 5,26,755 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി പി ജയരാജന് 4,42,092 വോട്ട് ലഭിച്ചു. 80,128 വോട്ടുമായി ബി ജെ പിയുടെ വികെ സജീവനാണ് മൂന്നാം സ്ഥാനത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എഴില്‍ ആറെണ്ണത്തിലും എല്‍ ഡി എഫ് വിജയിച്ചു. കുറ്റ്യാടി ലീഗില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ എല്‍ ജെ ഡി മത്സരിച്ച വടകരയില്‍ മാത്രമാണ് മുന്നണിക്ക് പരാജയം നേരിടേണ്ടി വന്നത്. ആര്‍ എം പി നേതാവ് കെകെ രമയാണ് വടകരയില്‍ വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മത്സരം പ്രതീക്ഷിക്കുന്നതിനാല്‍ കെ മുരളീധരന്റെ നീക്കം ഗുണം ചെയ്യുമെന്നാണ് വിലിയിരുത്തല്‍.