Sorry, you need to enable JavaScript to visit this website.

ബൈക്കിന്റെ ഓഡോമീറ്ററില്‍ കൃത്രിമം കാണിച്ച വ്യാപാരിക്ക് ഒരു ലക്ഷം പിഴ 

കോട്ടക്കല്‍-ആഡംബര ബൈക്കിന്റെ ഓഡോമീറ്ററില്‍ കൃത്രിമം കാണിച്ച ഡീലര്‍മാര്‍ക്ക് 1,03,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
കോട്ടക്കല്‍ സ്വകാര്യ മോട്ടോഴ്‌സ് ഷോറൂമില്‍ നിന്ന് കോഴിക്കോടുള്ള മറ്റൊരു ഒട്ടോമോട്ടീവ്‌സ് ഷോറൂമിലേക്ക് വാഹനം ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത കക്കാട് വച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ വാഹനം പിടികൂടുകയായിരുന്നു.
വാഹന വില്‍പ്പനയ്ക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ചില സ്വകാര്യ ആവശ്യങ്ങള്‍ക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോള്‍ ഓടിയ ദൂരം മീറ്ററില്‍ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായതിനാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആഡംബര ബൈക്ക് ഓടിച്ചു പരിശോധിച്ചപ്പോള്‍ ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനാലും 1,03,000 രൂപ പിഴ ചുമത്തി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ കെ.ആര്‍. ഹരിലാല്‍, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പും ഇതുപോലെ രണ്ട് ബൈക്കുകള്‍ക്കെതിരെയും ആറ് മാസങ്ങള്‍ക്കു മുമ്പ് ഒരു കാറിനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
            

Latest News