റിയാദ്- 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന ശീർഘകത്തിൽ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച കാമ്പയിന്റെ ഭാഗമായി സുരക്ഷാവിഭാഗങ്ങൾ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് ഊർജിതമായി തുടരുന്നു. 2017 നവംബർ 15 മുതൽ ഈ മാസം 24 വരെ നീണ്ട കാലയളവിൽ വിവിധ പ്രവിശ്യകളിലായി നടത്തിയ പഴുതടച്ച പരിശോധനകളിൽ 11,61,293 നിയമലംഘകരാണ് പിടിയിലായത്. ഇവരിൽ 859,186 പേർ ഇഖാമ നിയമലംഘകരും 207,189 വിദേശികൾ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി സുരക്ഷാനിയമം ലംഘിച്ചതിന് 94,918 പേരും അറസ്റ്റിലായി. രാജ്യാതിർത്തി ഭേദിച്ച് കടന്നുകയറാൻ ശ്രമിച്ച 16,997 പേരിൽ 56 ശതമാനം യെമനികളും 41 ശതമാനം ഏതോപ്യൻ വംശജരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. അനധികൃത മാർഗത്തിലൂടെ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് ശ്രമിച്ച 753 പേരെയും സുരക്ഷാവിഭാഗം പിടിയിലായിട്ടുണ്ട്. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാനിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യം ലഭ്യമാക്കിയതിന് 2094 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരായ വിദേശികൾക്ക് താമസ, ഗതാഗത സൗകര്യം നൽകിയ കേസിൽ പിടിയിലായ 379 സ്വദേശികളിൽ 349 പേർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ച് വിട്ടയച്ചതായും സുരക്ഷാവിഭാഗം വെളിപ്പെടുത്തി. 30 പേർ കേസ് തീർപ്പാക്കാത്തതിന്റെ പേരിൽ ഇപ്പോഴും ജയിലുകളിൽ കഴിയുന്നുണ്ട്. 9259 വിദേശികളാണ് വിചാരണ പൂർത്തിയാക്കുന്നതും കാത്ത് ജയിലുകളിൽ കഴിയുന്നത്. ഇവരിൽ 8099 പേർ പുരുഷന്മാരും 1160 പേർ വനിതകളുമാണ്. പിടിയിലായ 209,392 വിദേശികൾക്കെതിരെ ഉടൻ ശിക്ഷാനപടികൾ സ്വീകരിച്ചു. 165,556 പേരുടെ യാത്രാരേഖകൾ ലഭ്യമാകുന്നതിന് വേണ്ടി അതത് നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെട്ടുവെന്നും 205,155 പേരുടെ ടിക്കറ്റ് ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും സുരക്ഷാവിഭാഗം അറിയിച്ചു. 305,187 വിദേശികളെ ഇക്കാലയളവിൽ നാടുകടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.