മുംബൈ - ആറു വർഷത്തെ ഇടവേളക്കു ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് ഐ.പി.എൽ ട്രോഫി വീണ്ടെടുത്തു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഏകപക്ഷീയമായ ഫൈനലിൽ തകർത്തടിച്ച ഷെയ്ൻ വാട്‌സനാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ ടൂർണമെന്റിൽ ചെന്നൈയുടെ നാലാം വിജയമാണ് ഇത്. ഐ.പി.എൽ ചരിത്രത്തിൽ ഏഴാം ഫൈനൽ കളിക്കുന്ന ചെന്നൈയുടെ മൂന്നാം കിരീടവും. വാതുവെപ്പ് ആരോപണം കാരണം രണ്ടു വർഷത്തെ വിലക്കിനു ശേഷം ഈ സീസണിൽ തിരിച്ചെത്തിയതായിരുന്നു ചെന്നൈ. പ്രായമേറിയ കളിക്കാരെ ഉൾപ്പെടുത്തിയതിനാൽ ഡാഡി ആർമി എന്ന് പരിഹസിക്കപ്പെട്ടിരുന്നു അവർ. സ്‌കോർ: ഹൈദരാബാദ് ആറിന് 178, ചെന്നൈ 18.3 ഓവറിൽ രണ്ടിന് 181.
സാവധാനമായിരുന്നു ചെന്നൈയുടെ മറുപടി. വാട്‌സൻ അക്കൗണ്ട് തുറക്കാൻ 11 പന്ത് നേരിട്ടു. ഹൈദരാബാദിനെതിരായ ക്വാളിഫയറിൽ തോൽവിയുടെ വക്കിൽ നിന്ന് വിജയം പിടിച്ച ഫാഫ് ഡുപ്ലെസി (10) നാലാം ഓവറിൽ പുറത്താവുമ്പോൾ സ്‌കോർ 16 മാത്രം. പിന്നീട് സുരേഷ് റയ്‌നയെ (24 പന്തിൽ 34) കൂട്ടുപിടിച്ച് വാട്‌സൻ (57 പന്തിൽ 117 നോട്ടൗട്ട്) ആക്രമണമാരംഭിച്ചു. 33 പന്തിൽ അർധ ശതകം തികച്ച ഓപണർ അവിടെ നിന്ന് 19 പന്തിൽ സെഞ്ചുറിയിലേക്ക് കുതിച്ചു. 11.5 ഓവറിൽ ചെന്നൈ 100 പിന്നിട്ടു. റയ്‌നയെ കാർലോസ് ബ്രാത്‌വൈറ്റ് പുറത്താക്കിയ ശേഷം അമ്പാട്ടി രായുഡുവുമൊത്ത് (19 പന്തിൽ 16 നോട്ടൗട്ട്) മുപ്പത്താറുകാരൻ വിജയം പൂർത്തിയാക്കി. ഭുവനേശ്വർകുമാറും (4-1-17-0) റാഷിദ് ഖാനും (4-1-24-0) പിശുക്കിയെങ്കിലും മറ്റുള്ളവരെ ബാറ്റ്‌സ്മാന്മാർ ആക്രമിച്ചു. സന്ദീപ് ശർമക്കും (4-0-52-1) സിദ്ധാർഥ കൗളിനും (3-0-43-0) ബ്രാത്‌വൈറ്റിനും (2.3-0-27-1) ശാഖിബുൽ ഹസനും (1-0-15-0) കണക്കിനു കിട്ടി.
നേരത്തെ ക്യാപ്റ്റൻ കെയ്ൻ വില്യംസനും (36 പന്തിൽ 47) യൂസുഫ് പഠാനും (25 പന്തിൽ 45 നോട്ടൗട്ട്) ബ്രാത്‌വൈറ്റുമാണ് (11 പന്തിൽ 21) ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വില്യംസനും ശിഖർ ധവാനും (25 പന്തിൽ 26) 11.2 ഓവറിൽ ഹൈദരാബാദിനെ 100 കടത്തിയിരുന്നു. എന്നാൽ ഹൈദരാബാദിന്റെ മധ്യനിര ഒരിക്കൽ കൂടി അവസരം പാഴാക്കി.