Sorry, you need to enable JavaScript to visit this website.

ബജറ്റുകൾ ന്യൂനപക്ഷ വിരുദ്ധവും ജനജീവിതത്തെ തകർക്കുന്നതും -ഫ്രറ്റേണിറ്റി

തിരുവനന്തപുരം - 2023-24 വർഷത്തേക്കുള്ള കേന്ദ്ര,സംസ്ഥാന ബജറ്റുകൾ ന്യൂനപക്ഷ വിരുദ്ധവും ജനജീവിതത്തെ തകർക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ വിഹിതങ്ങളും അവകാശങ്ങളും റദ്ദ് ചെയ്യുന്ന അങ്ങേയറ്റം അനീതി നിറഞ്ഞ സമീപനമാണ് കേന്ദ്രസർക്കാർ ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്.
അതേ സമയം പെട്രോൾ, ഡീസൽ അടക്കം വില വർധിപ്പിച്ചു കൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റ് അവതരണമാണ് സംസ്ഥാന സർക്കാരിന്റേത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വികസന വിവേചനത്തിന്റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും തെളിവുകൾ കേന്ദ്രസർക്കാർ ബജറ്റിലുടനീളമുണ്ട്. കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കോടി രൂപയാണ് കേന്ദ്ര സർക്കാർ ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം ന്യൂനപക്ഷ മന്ത്രാലയത്തിൽ മാത്രം 2400 കോടി രൂപയാണ് വിനിയോഗിക്കാതെ പാഴാക്കിയത് എന്ന കണക്കും ഞെട്ടിപ്പിക്കുന്നതാണ്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾക്ക് ഇത്തവണ വകയിരുത്തിയത് ആകെ 10 കോടി മാത്രം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 250 കോടി രൂപയുടെ കുറവ്. കൂടാതെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മൗലാനാ ആസാദ് സ്‌കോളർഷിപ്പുകൾ പൂർണമായും റദ്ദ് ചെയ്തും ഫണ്ട് വിഹിതം വെട്ടിച്ചുരുക്കിയും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് തടയിടാനൊരുങ്ങുന്ന കേന്ദ്ര സർക്കാർ നടപടി നീതി നിഷേധം തന്നെയാണ്.

രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ യുവജന ശാക്തീകരണ പ്രവർത്തനങ്ങൾക്കോ ആവശ്യമായ നടപടികൾ സ്വീകരിക്കാതെയും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയും ചെയ്യുന്ന സംഘപരിവാർ ഭരണകൂട നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാർ ആ പ്രതിസന്ധികളുടെ ഭാരം മുഴുവൻ പൊതു ജനങ്ങളുടെ മേൽ കെട്ടിവെക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർധനയിലൂടെ തന്നെ ജനജീവിതത്തെ തകർക്കുന്ന ബജറ്റാണിത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതു സർക്കാർ.

കേന്ദ്രസർക്കാറിന്റെ പിന്നാക്ക, ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ മറ്റൊരു പതിപ്പാണോ എന്ന് സംശയിക്കത്തക്ക വിധമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ പുലർത്തിയിരിക്കുന്ന മുന്നോക്ക വിധേയത്വം. സംവരണ അട്ടിമറിക്ക് എല്ലാ ഒത്താശയും ചെയ്തു കൊണ്ട് മുന്നാക്ക സംവരണം നടപ്പിലാക്കിയ സംസ്ഥാന സർക്കാർ പുതിയ ബജറ്റിൽ മുന്നോക്ക സമുദായത്തിലെ ക്ഷേമ കോർപ്പറേഷന് 38.05 കോടിയാണ് വകയിരുത്തിയത്. പിന്നോക്ക വിഭാഗ കോർപറേഷൻ 
പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചതാവട്ടെ 16 കോടിയും!

പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ ആസൂത്രിതമായി അട്ടിമറിക്കുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനോ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതത്തെയും വിവേചനങ്ങളെയും പരിഹരിക്കാൻ ആവശ്യമായ പദ്ധതികളോ ബജറ്റ് വിഹിതമോ ഇല്ലാതിരിക്കുന്നതും ഇടത് സർക്കാരിന്റെ തികഞ്ഞ പരാജയമാണ് -ഫ്രറ്റേണിറ്റി പ്രസ്താവനയിൽ പറഞ്ഞു. 
 

Latest News