റിയാദ്- പണം ട്രാൻസ്ഫർ ചെയ്യുന്ന കമ്പനി ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് പണം കവർന്ന് രക്ഷപ്പെട്ട മൂന്നംഗ കവർച്ചാസംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ എട്ടിന് കിഴക്കൻ റിയാദിൽ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ നടന്ന കവർച്ചാശ്രമത്തിൽ കൊള്ളസംഘത്തിന്റെ വെടിയേറ്റ സ്വദേശി ഉദ്യോഗസ്ഥൻ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. അനേകം കേസുകളിലായി 19 മില്യൺ റിയാൽ കൊള്ളയടിച്ച കുപ്രസിദ്ധ കവർച്ചാസംഘമാണ് അറസ്റ്റിലായത്. കവർച്ചക്കാരുടെ ക്രൂരകൃത്യത്തെ തുടർന്ന് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കൊള്ളസംഘത്തെ വലയിലാക്കിയത്.
40 കാരനായ ഒരു യെമനി പൗരൻ ആഡംബര വാഹനവും മോട്ടോർ സൈക്കിളും ഉപയോഗിച്ച് വരുന്നത് അന്വേഷണസംഘം നിരീക്ഷിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഏപ്രിൽ നാല് മുതൽ 11 വരെ കവർച്ചാസംഘം ഉപയോഗിച്ച കറുത്ത ഷെവർലെറ്റ് കാർ താൻ വാടകക്ക് എടുത്തിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. കൃത്യത്തിൽ പങ്കാളിയെന്ന് സ്ഥിരീകരിച്ചതോടെ യെമനിയെ അറസ്റ്റ് ചെയ്തു. അൽതആവുൻ ഡിസ്ട്രിക്ടിലെ ഇയാളുടെ താമസ സ്ഥലം റെയ്ഡ് ചെയ്തപ്പോൾ എട്ട് മില്യൺ റിയാൽ ഒരു ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതോടെ, കൂട്ടാളികളായ രണ്ട് സ്വദേശികളെയും നിഷ്പ്രയാസം പിടികൂടാൻ സാധിച്ചുവെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു. ഇവരിൽ ഒരാൾ സൗദിക്ക് പുറത്ത് കടക്കണമെന്ന ഉദ്ദേശ്യത്തോടെ അൽഖാത്ത് മേഖലയിൽ കഴിയുകയായിരുന്നു. രണ്ടാമൻ കിഴക്കൻ റിയാദിൽ ബന്ധു വീട്ടിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞവർഷം തമീമി മാർക്കറ്റിൽ രണ്ട് മില്യൺ റിയാൽ കവർച്ച നടത്തിയതും അൽഉലയിൽ അൽഹറം സെന്ററിൽ നാല് മില്യൺ റിയാൽ കൊള്ളയടിച്ചതും തുവൈഖ് ഡിസ്ട്രിക്ടിലെ അൽഹറം സെന്ററിൽ 13 ലക്ഷം റിയാൽ കവർന്നതും തങ്ങളാണെന്ന് മൂവരും കുറ്റസമ്മതം നടത്തി. ഇവരിൽ യെമനി കഴിഞ്ഞ ചൊവ്വാഴ്ചയും കൂട്ടാളികൾ വ്യാഴാഴ്ചയുമാണ് അറസ്റ്റിലായത്.
സംഘത്തിൽനിന്ന് 15 മില്യൺ റിയാൽ വീണ്ടെടുത്തതായി പോലീസ് അറിയിച്ചു. കൂടാതെ, കവർച്ചക്ക് ഉപയോഗിച്ച വാഹനം, നാല് വ്യത്യസ്ത നമ്പർ പ്ലേറ്റുകൾ, നാല് കൈത്തോക്കുകൾ, 31 വെടിയുണ്ടകൾ, രണ്ട് വയർലെസ് സെറ്റുകൾ, ഒരു ഡ്രോൺ, രണ്ട് വീഡിയോ ക്യാമറകൾ, ഒമ്പത് വ്യത്യസ്ത മൊബൈൽ ഫോണുകൾ, ഒമ്പത് യെമനി പാസ്‌പോർട്ടുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, സിംകാർഡുകൾ, ഏതാനും ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ചെക്കുകൾ തുടങ്ങിയവ കണ്ടെടുത്തു. പ്രതികളെ തൊണ്ടിസഹിതം റിയാദ് പ്രവിശ്യാ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയതായും പോലീസ് വക്താവ് അറിയിച്ചു.