Sorry, you need to enable JavaScript to visit this website.

ഖത്തറുമായി ബന്ധം വിഛേദിച്ചതോടെ  ഭീകരപ്രവർത്തനം കുറഞ്ഞു -ബഹ്‌റൈൻ

ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആലുഖലീഫ

മനാമ- ഖത്തറുമായി നയതന്ത്രബന്ധം വിഛേദിച്ചത് ഗൾഫ് മേഖലയിൽ ഭീകരതക്ക് കുറവ് വരുത്തിയെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആലുഖലീഫ വ്യക്തമാക്കി. സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ നാല് സുഹൃദ് രാജ്യങ്ങളാണ് ഭീകര പ്രവർത്തകർക്ക് സാമ്പത്തിക സഹായവും മറ്റും ചെയ്യുന്ന ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആ രാജ്യവുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത്. ആണവ കരാർ അടക്കം റദ്ദാക്കി അമേരിക്ക ഇറാനുമേൽ ചെലുത്തിയ സമ്മർദവും മേഖലയിൽ ഭീകരപ്രവർത്തനങ്ങളുടെ കൂമ്പൊടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ ഭീകരരുമായി ഖത്തർ ഭരണകൂടത്തിലെ ഉന്നതർ ബന്ധപ്പെടുന്നത് പാടെ നിലച്ചു. ഇപ്പോൾ നേരിട്ട് ബന്ധപ്പെടുന്നതിന് അവരുടെ മുന്നിൽ യാതൊരു മാർഗമില്ല. ബഹ്‌റൈനിലെ ഭീകരർ ഏതെങ്കിലും നിലക്ക് വൈദേശിക ബന്ധം പുലർത്തുന്നുവെങ്കിൽ അത് ഇറാൻ മുഖേന മാത്രമാണ്. സാമ്പത്തിക സഹായം ലഭിച്ചിരുന്നത് ഭീകരർക്ക് മാധ്യമ പിൻബലവും നൽകിയിരുന്നുവെന്നും ബഹ്‌റൈൻ വിദേശകാര്യമന്ത്രി പറഞ്ഞു. 
അധിക ഗൾഫ് രാജ്യങ്ങൾക്കും ഖത്തറുമായി ചരിത്രപരമായി തന്നെ പല ഭിന്നതകളുമുണ്ട്. പക്ഷേ, പ്രശ്‌നങ്ങൾ പരമാവധി ലഘൂകരിച്ച് സാഹോദര്യം നിലനിർത്തുന്നതിനായിരുന്നു തങ്ങൾ എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നത്. എന്നാൽ പരസ്പരമുള്ള മികച്ച സൗഹൃദം തകരുക എന്നതുൾപ്പെടെ, തങ്ങൾക്ക് നാശം വിതക്കുമെന്ന് ബോധ്യമായതോടെയാണ് കഴിഞ്ഞവർഷം ഖത്തറുമായി നയതന്ത്രബന്ധം വിഛേദിക്കാൻ നിർബന്ധിതമായതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ലോകത്തിലെ മറ്റു രാജ്യങ്ങളുമായി ഖത്തർ ബന്ധം പുലർത്തുന്നതിന് തങ്ങൾ ഒരിക്കലും എതിരല്ല. ഇറാനുമായി ഏത് വിധേനയുള്ള ബന്ധവും ബഹ്‌റൈന്റെ സുരക്ഷക്കും സുസ്ഥിരതക്കും ഭീഷണിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണെന്നിരിക്കെ, ഇറാനുമായി മികച്ച ബന്ധം പുലർത്തുന്ന ഖത്തറിന്റെ നടപടി വാഷിംഗ്ടൺ ശ്രദ്ധിക്കേണ്ടതാണ്. അൽഉദൈദ് എയർബെയ്‌സിൽ ഇറാനികൾക്ക് പ്രവേശനമുണ്ടെന്നാണ് അറിവ്. ഏതായാലും വിഷയത്തിൽ അമേരിക്ക നിലപാട് വെളിപ്പെടുത്തുമെന്നത് കാത്തിരിക്കുകയാണ് തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ലെബനോൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ല അടക്കമുള്ള ഇറാൻ പിന്തുണക്കുള്ള സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് അമേരിക്ക നിരുത്സാഹപ്പെടുത്തിയിരുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് നാല് രാജ്യങ്ങളും മുന്നോട്ടുവെച്ച 13 ഇന ഉപാധികളോട് ഖത്തർ ഇതുവരെ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ലെന്നും ബഹ്‌റൈൻ വിദേശകാര്യമന്ത്രി പറഞ്ഞു.  ഭീകരവാദികൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും പ്രചോദനമേകുന്ന ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ ന്യൂസ് ചാനൽ അടച്ചുപൂട്ടുക എന്നത് ഈ ഉപാധികളിൽ പ്രധാനമായിരുന്നു. ഇവ നടപ്പിലാക്കിടത്തോളം ഖത്തറുമായി ബന്ധം സ്ഥാപിക്കുകയെന്നത് അസാധ്യമാണെന്നും ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആലുഖലീഫ വ്യക്തമാക്കി. 


 

Latest News