Sorry, you need to enable JavaScript to visit this website.

കായികരംഗത്ത് അഴിമതി തുടച്ചു നീക്കിയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം- സ്വജനപക്ഷപാതവും അഴിമതിയും കായിക രംഗത്തുനിന്ന് പൂർണമായും തുടച്ചുനീക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സ്‌പോർട്‌സ് എന്നത് ഒരു സ്പിരിറ്റാവണമെന്നും അവിടെ സ്വജനപക്ഷപാതത്തിന് ഇടമുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ദേശീയ-സംസ്ഥാന തലങ്ങളിൽ വിവിധ കായിക മത്സരങ്ങളിൽ വിജയികളായ കായിക പ്രതിഭകൾക്ക് മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 കായികരംഗത്ത് കേരളം കരുത്തോടെ മുന്നോട്ടുപോകുകയാണ്. കായിക പ്രതിഭകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനം നൽകുന്നതിനുള്ള കേന്ദ്രം തിരുവനന്തപുരത്ത് യാഥാർഥ്യമാകാനിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അതിന്റെ നിർമാണപ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്ന ഘട്ടത്തിലാണ്. വിദേശരാജ്യങ്ങളിൽ നിന്ന് മികച്ച പരിശീലകരെ എത്തിക്കാനുള്ള കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. അതോടെ വിദേശരാജ്യങ്ങളിൽ കിട്ടുന്ന അതേ പരിശീലനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും കായികരംഗത്ത് ഉണർവ് നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കായികരംഗത്ത് എക്കാലവും ആധിപത്യമുറപ്പിക്കാറുള്ള ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയുടെ ഫുട്‌ബോൾ പെരുമയിൽ പെനാൽറ്റി കിക്കുകളുടെ ലോകറെക്കോർഡു കൂടി ചേർക്കപ്പെട്ടത് അഭിമാനകരമായ നിമിഷമായെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ കായിക പ്രതിഭകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം, സംസ്ഥാന സ്‌പോർസ് കൗൺസിൽ അംഗം ആഷിക് കൈനിക്കര, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സി. അംഗങ്ങളായ പി. ഹൃഷികേശ് കുമാർ, കെ.എ. നാസർ, സി. സുരേഷ്, കെ. വത്സല, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി മുഹമ്മദ് യാസർ തുടങ്ങിയവർ പങ്കെടുത്തു.

Latest News