ദഹ്‌റാൻ- അന്ധന്മാർക്കും കാഴ്ച ശക്തി കുറഞ്ഞവർക്കും വായന എളുപ്പത്തിൽ സാധ്യമാക്കുന്ന പുതിയ ഭാഷയുമായി സൗദി വിദ്യാർഥിനി ശ്രദ്ധേയയായി. ദഹ്‌റാനിലെ സെക്കണ്ടറി വിദ്യാർഥിനി താല അബുന്നജയാണ് ചരിത്രപരമായ കണ്ടുപിടിത്തം വഴി രാജ്യത്തിന്റെ അഭിമാനമായി മാറിയത്. കാഴ്ച ശക്തിയില്ലാത്തവരുടെ ലോകവുമായി ഈ 14 കാരിയുടെ ബന്ധം സ്‌കൂൾ പഠനം തുടങ്ങുന്ന കാലത്ത് തന്നെയാണ് ആരംഭിക്കുന്നത്. ബ്രെയിൽ ഉപയോഗിച്ച് വായിക്കുന്നതിൽ അന്ധയായ തന്റെ സ്‌നേഹിത പ്രയാസപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് താല മറ്റൊരു വഴി ചിന്തിക്കുന്നത്. അന്ധരെ ബാഹ്യലോകവുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പുതിയ ഭാഷ കണ്ടെത്തുന്നതിന് താല മറ്റാരുടെ സഹായവും തേടിയില്ലെന്നതാണ് മറ്റൊരു സവിശേഷത.
അന്ധന്മാർക്കുള്ള തന്റെ പുതിയ ഭാഷക്ക് ഇന്റർ നാഷണൽ സോഷ്യൽ ആന്റ് ബിഹാവിയറൽ സയൻസിന്റെ മൂന്നാം സമ്മാനം നേടിയത് വലിയ അംഗീകാരമായി ഈ മിടുക്കി കാണുന്നു. ഈ വർഷം അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പ്രത്യേക പുരസ്‌കാരവും താലയെ തേടിയെത്തി. അറബി ഭാഷയിലെ 28 അക്ഷരങ്ങൾക്കും പ്രത്യേകം രൂപം നൽകിയുള്ള ലിപിയാണ് താല വികസിപ്പിച്ചത്. അക്ഷരങ്ങളെ മൂന്ന് ഗ്രൂപ്പുകളായി പുതിയ ഭാഷയിൽ വിഭജിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിനും പ്രത്യേകം പാറ്റേൺ നൽകിയുള്ള രീതി അന്ധർക്ക് പെട്ടെന്ന് വാക്കുകൾ വായിച്ചെടുക്കുന്നതിന് സാധ്യമാക്കുമെന്ന് താല അന്നുജൂം വിശദീകരിക്കുന്നു.